
കൊച്ചി:എച്ച്ഡിഎംആർ കോർ സാങ്കേതികവിദ്യയിലുള്ള ഇന്ത്യയിലെ ആദ്യ ലാമിനേറ്റ് വുഡൻ ഫ്ലോറിങ് ശ്രേണിയായ ഗ്രീൻപ്ലൈ ലാമിനേറ്റ് ഫ്ലോറിങ് അവതരിപ്പിച്ച് ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഈർപ്പത്തെ പ്രതിരോധിക്കാനുള്ള ശേഷിയാണ് ഇതിൻ്റെ പ്രധാന സവിശേഷത.
പരമ്പരാഗത ലാമിനേറ്റഡ് ഫ്ലോറിങ്ങിൽ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിനൊപ്പം ഗ്രീൻപ്ലൈ ലാമിനേറ്റ് ഫ്ലോറിങ് തടിയുടെ സ്വാഭാവിക ഭംഗി, എളുപ്പത്തിലുള്ള ഫിറ്റിംഗ്, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവയും ഉറപ്പാക്കുന്നു. ഇന്ത്യൻ വീടുകളുടെ അകത്തളങ്ങൾക്ക് അനുയോജ്യമായ പുതിയ ഫ്ലോറിങ് സംവിധാനമാണ് ഇതിലൂടെ ഗ്രീൻപ്ലൈ അവതരിപ്പിക്കുന്നത്.
രാജ്യത്തെ വുഡൻ ഫ്ലോറിങ്ങിനുണ്ടാകുന്ന കേടുപാടുകളിൽ ഏകദേശം 55 ശതമാനത്തിനും കാരണം ഈർപ്പമാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് ഈർപ്പത്തെ പ്രതിരോധിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത എച്ച്ഡിഎംആർ കോർ സാങ്കേതികവിദ്യയോടു കൂടിയ ലാമിനേറ്റ് വുഡൻ ഫ്ലോറിങ് ഗ്രീൻപ്ലൈ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത ഈ ഉൽപ്പന്നം ഉയർന്നതും താഴ്ന്നതുമായ താപനില, ഉയർന്ന ഈർപ്പം, മഴക്കാലം തുടങ്ങിയ സാഹചര്യങ്ങളിലും ഉപയോഗിക്കാൻ അനുയോജ്യമാണ്.
വെള്ളത്തേയും തീപിടുത്തത്തേയും പ്രതിരോധിക്കുന്നതിനൊപ്പം ആൻ്റിമൈക്രോബിയൽ, ആൻ്റി ബാക്ടീരിയൽ സവിശേഷതകളും ഈ ഫ്ലോറിങ് ഉത്പന്നത്തിനുണ്ട്. ഇതിൻ്റെ പരിപാലനവും എളുപ്പമാണ്. അനായാസം വിരിക്കാം എന്നതും ഇതിൻ്റെ സവിശേഷതയാണ്. സൈറ്റിലെ സാഹചര്യങ്ങൾക്കനുസരിച്ച് പശ ഉപയോഗിക്കാതെയും ക്യൂവറിങ് സമയം ആവശ്യമില്ലാതെയും 1,000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള സ്ഥലത്ത് ഏകദേശം ആറ് മുതൽ ഏഴ് മണിക്കൂറിനുള്ളിൽ ഫ്ലോറിങ് സ്ഥാപിക്കാം. വളർത്തുമൃഗങ്ങളുള്ള വീടുകളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിവിധതരം ഓക്ക് തടികളുടെ ഡിസൈൻ, ഇളം നിറങ്ങളിലുള്ള നോർഡിക് ശൈലികൾ, കടുംനിറത്തിലുള്ള തടി ഫിനിഷുകൾ തുടങ്ങി വൈവിധ്യമാർന്ന ഡിസൈനുകളാണ് ഈ ശ്രേണിയിലുള്ളത്. തടിയുടെ സ്വാഭാവിക ഘടന പ്രകടമാക്കുന്ന ടെക്സ്ചറുകളും വ്യത്യസ്ത കട്ടിങ് പാറ്റേണുകളും തുടങ്ങി ഓരോ വീടിൻ്റേയും അകത്തളങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള ഡിസൈൻ തിരഞ്ഞെടുക്കാം. എസി-3 മുതൽ എസി-5 വരെയുള്ള അബ്രേഷൻ ഗ്രേഡുകളിലും 8 എംഎം മുതൽ 12 എംഎം വരെ കനത്തിലും ഈ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
