
ഭിലായ്: അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം മഹാരാഷ്ട്രയോട് തോൽവി വഴങ്ങി. എട്ട് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര 17.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് രണ്ടാം ഓവറിൽ തന്നെ ദിയ ഗിരീഷിന്റെ (4) വിക്കറ്റ് നഷ്ടമായെങ്കിലും അമീറ ബീഗവും ശ്രേയ സിജുവും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആറ് ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 54 റൺസെന്ന ശക്തമായ നിലയിലായിരുന്നു കേരളം. എന്നാൽ ആചൽ അഗർവാൾ എറിഞ്ഞ ഏഴാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. ഓവറിലെ ആദ്യ പന്തിൽ അമീറ ബീഗം (29) പുറത്തായപ്പോൾ അനന്യ പ്രദീപും നജ്ല നൗഷാദും അതേ ഓവറിൽ തന്നെ അക്കൗണ്ട് തുറക്കാതെ മടങ്ങി. അഞ്ചാം വിക്കറ്റിൽ ശ്രേയ സിജുവും ക്യാപ്റ്റൻ വി.ജെ. ജോഷിതയും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തെങ്കിലും തുടർന്നെത്തിയവർ നിരാശപ്പെടുത്തിയതോടെ കേരളത്തിന്റെ സ്കോർ 128-ൽ അവസാനിച്ചു. ശ്രേയ 41-ഉം ജോഷിത 34-ഉം റൺസെടുത്തു. മഹാരാഷ്ട്രയ്ക്ക് വേണ്ടി ആചൽ അഗർവാളും രോഷ്ണി പർദ്ദിയും മൂന്ന് വിക്കറ്റ് വീതവും ശ്വേത സാവന്ത് രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് ഓപ്പണർമാരായ ദ്യനന്ദ നികവും ഈശ്വരി സവാക്കരും നൽകിയ തകർപ്പൻ തുടക്കം മുതൽക്കൂട്ടായി. ദ്യനന്ദ 32 പന്തുകളിൽ 53-ഉം ഈശ്വരി 53 പന്തുകളിൽ 59-ഉം റൺസ് നേടി. 16 പന്തുകൾ ബാക്കിനിൽക്കെ മഹാരാഷ്ട്ര അനായാസം ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി നജ്ല നൗഷാദും നിയ നസ്നീനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
