
കൊച്ചി: നടിയെ പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ വിചാരണ കോടതി ജഡ്ജി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന അതിജീവിതയുടെ അഭിഭാഷകയുടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിച്ച എറണാകുളം മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി.മിനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളുകയാണെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉത്തരവിൽ പറഞ്ഞു. ഉത്തരവിലെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.
2026 ജനുവരി 12ന് കോടതി നടപടികൾക്കിടെ, താൻ വിചാരണ ഘട്ടത്തിൽ 10 ദിവസത്തിൽ താഴെ മാത്രമാണ് എത്തിയതെന്നും കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും ജഡ്ജി തുറന്ന കോടതിയിൽ അധിക്ഷേപകരമായി സംസാരിച്ചത് കോടതിയലക്ഷ്യമാണെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. സെഷൻസ് ജഡ്ജി ബോധപൂർവമാണ് ഈ പരാമർശം നടത്തിയതെന്ന് ഹർജിക്കാരി വാദിച്ചു. ഹർജിക്കാരിയുടെ അസാന്നിധ്യത്തിലായിരുന്നു ഇത്. മാധ്യമങ്ങൾ ഇതിനു വലിയ പ്രചാരണം നൽകിയതോടെ ഹർജിക്കാരിയുടെ തൊഴിലിനെ ബാധിച്ചു. അതിനാൽ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യത്തിന് ഉത്തരവിടണമെന്നും പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കാൻ നിർദേശിക്കണമെന്നുമായിരുന്നു ആവശ്യം.
2017ൽ നടി ആക്രമിക്കപ്പെട്ട കേസിൽ 2026 ഡിസംബർ 8നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്. കേസിലെ ഒന്നാം പ്രതി സുനി (പൾസർ സുനി), മറ്റു പ്രതികളായ മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സലീം, പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി തടവുശിക്ഷ വിധിച്ചു. പ്രോസിക്യൂഷൻ ഉന്നയിച്ച ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന എന്നീ പ്രധാന കുറ്റങ്ങൾ തെളിയിക്കപ്പെട്ടതോടെയാണ് പ്രധാന പ്രതികൾക്ക് കോടതി ശിക്ഷ ഉറപ്പാക്കിയത്. അതേസമയം, ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതിയായ നടൻ ദിലീപ് ഉൾപ്പെടെ 3 പേരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.
