
തിരുവനന്തപുരം: ഭക്ഷ്യസംരക്ഷണം, ഭക്ഷണത്തിന്റെ മൂല്യം, പങ്കുവെക്കലിന്റെ മഹത്വം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ റിസോഴ്സിയൊ എന്ന സ്റ്റാർട്ടപ്പ് വിവിധ സ്കൂളുകളിലായി നടപ്പിലാക്കുന്ന സമഗ്ര പദ്ധതി ‘അന്നമിത്ര’യ്ക്ക് സന്ദീപനി സ്കൂളിൽ തുടക്കമായി. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പഠിക്കുന്ന കുട്ടികൾ മറ്റുള്ള കുട്ടികളുടെ മാർക്ക് അന്വേഷിച്ചു പോകരുതെന്ന് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. പഠനത്തെക്കാൾ ഉപരി വിദ്യാർഥികളുടെ മാനസികാരോഗ്യവും ഏറെ പ്രധാനപ്പെട്ടതാണ്. മനുഷ്യ ജീവിതം ഒരുപാട് പ്രതിസന്ധികളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഈശ്വര വിശ്വാസവും പ്രാർഥനയും നമ്മെ മുന്നോട്ട് നയിക്കണം. കുട്ടികളുടെ നല്ല ഭാവി എന്ന ലക്ഷ്യം മുൻ നിർത്തിയാണ് സന്ദീപനി സ്കൂൾ പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്. വിശപ്പില്ലാത്ത കേരളം ആണ് ലക്ഷ്യം. സന്ദീപനി സ്കൂൾ പോലുള്ള മികച്ച വിദ്യാലയങ്ങൾ നല്ല തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുകയാണ്. കേരളത്തിൽ ആദ്യമായാണ് ഒരു സ്കൂളിൽ ഈ പദ്ധതി നടപ്പാക്കുന്നത്. നമ്മൾ ഉണ്ടാക്കുന്ന വസ്തുക്കളിൽ നമുക്ക് അഭിമാനിക്കാം. നല്ല ആരോഗ്യ ശീലങ്ങൾ ചെറുപ്പത്തിലേ വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ രാഷ്ട്രസഭയുടെ (യുഎൻ എസ്ഡിജി) സുസ്ഥിത വികസനം ലക്ഷ്യം 2 യാഥാർത്ഥ്യമാക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്നമിത്ര പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷണത്തിന്റെ മൂല്യം തിരിച്ചറിയുന്ന, പ്രകൃതിയെ സംരക്ഷിക്കുന്ന, പങ്കുവെക്കലിന്റെ സംസ്കാരം ജീവിതചര്യയാക്കുന്ന പുതുതലമുറയെ വാർത്തെടുക്കുകയാണ് അന്നമിത്ര പദ്ധതിയുടെ ലക്ഷ്യം.
സന്ദീപനി സ്കൂൾ സ്ഥാപക ഡോ. കെ.ജി. വിജയലക്ഷ്മി, സ്വാഗതം ആശംസിച്ച ചടങ്ങിൽ റിസോഴ്സിയോ കോ- ഫൗണ്ടറും സിഇഒയുമായ ഗീഥിക സുദിപ്, സന്ദീപനി സ്കൂൾ ഡയറക്ടർ ആനന്ദൻ എന്നിവർ ആമുഖപ്രഭാഷണങ്ങൾ നടത്തി.
റിസോഴ്സിയോ കോ-ഫൗണ്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ റോബിൻസ് ജെ. ആലപ്പാട്ട് അന്ന മിത്ര പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സന്ദീപനി സ്കൂൾ പ്രിൻസിപ്പൽ രതി നായർ നന്ദി പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ: റിസോഴ്സിയൊ എന്ന സ്റ്റാർട്ടപ്പ് വിവിധ സ്കൂളുകളിലായി നടപ്പിലാക്കുന്ന സമഗ്ര പദ്ധതി ‘അന്നമിത്ര’ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കുന്നു.
