
വിമാനയാത്ര സാധാരണക്കാർക്കും കൂടുതൽ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ സഹകരണ മേഖലയുടെ നേതൃത്വത്തിൽ പുതിയ വിമാനക്കമ്പനി ഒരുങ്ങുന്നു. ‘കോ–കേരള’ എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. കമ്പനിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ബൈലോയും ബുധനാഴ്ച സഹകരണ മന്ത്രി എം. ലിജുവിന് കൈമാറുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രമുഖ സഹകാരിയും എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു.
സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങളിൽനിന്ന് രണ്ട് കോടി രൂപ വീതം നിക്ഷേപം സ്വീകരിച്ച് 400 കോടി രൂപ മൂലധനത്തോടെയാകും കമ്പനി പ്രവർത്തിക്കുക. കേരള സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലുള്ള സംരംഭം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാലിന്റെ മാതൃക പിന്തുടരാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കാതെ പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് നിക്ഷേപം സമാഹരിക്കാനും പദ്ധതിയുണ്ട്. സഹകരണ മേഖലയിൽ വിമാനം ആരംഭിക്കാൻ ആവശ്യമായ എല്ലാ അനുമതികളും നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയതായും വിജയകൃഷ്ണൻ പറഞ്ഞു. സഹകരണ മേഖലയിലെ നിക്ഷേപകരുടെ പണം സംരക്ഷിക്കാനും നിക്ഷേപം തിരികെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഈ മേഖലയ്ക്ക് ആത്മവിശ്വാസം പകരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി നെടുമ്പാശേരി ആസ്ഥാനമാക്കി 72 സീറ്റുകളുള്ള രണ്ട് വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സർവീസുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു, മംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്ക് സർവീസുകൾ നടത്താനാണ് പദ്ധതി. 3,500 രൂപ മുതൽ 7,000 രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. പ്രവർത്തന പുരോഗതി വിലയിരുത്തിയശേഷം വിമാനങ്ങളുടെ എണ്ണം നാലായും പിന്നീട് ആറായും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ കുറഞ്ഞത് 200 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഭാവിയിൽ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങൾ ആരംഭിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
രാജ്യത്ത് സഹകരണ മേഖലയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യ വിമാനക്കമ്പനിയെന്ന പ്രത്യേകതയും ‘കോ–കേരള’ പദ്ധതിക്കുണ്ട്. കൊച്ചി വിമാനത്താവളത്തിനായി നിക്ഷേപം സമാഹരിച്ച മാതൃകയിൽ സഹകരണ സംഘങ്ങളുടെയും പ്രവാസികളുടെയും പങ്കാളിത്തത്തോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമം. കുറഞ്ഞ നിരക്കിൽ കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കാനും കേരളത്തിലെ വിവിധ നഗരങ്ങൾക്കിടയിലെ വ്യോമബന്ധം ശക്തിപ്പെടുത്താനും ഈ സംരംഭത്തിന് കഴിയുമോ എന്നതാണ് ഇനി ശ്രദ്ധേയം.
