ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഫോട്ടോ ഫിനിഷിലേക്ക്. തൂക്കുസഭയെന്ന് ആദ്യ ഫല സൂചനകൾ. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം കിട്ടില്ലെന്ന എക്സിറ്റ്‍പോൾ ഫലങ്ങൾ ശരിവെക്കുന്ന വിധത്തിലാണ് പുറത്ത് വരുന്ന ഫല സൂചനകൾ നല്‍കുന്നത്. ഇഞ്ചോടിഞ്ച് മത്സരം ആയതിനാൽ കൃത്യമായ പ്രവചനം അസാധ്യമാണ്. ഏറ്റവും ഒടുവിൽ വന്ന എക്സിറ്റ് പോളുകളിൽ ബെഞ്ചമിൻ നെതന്യാഹു സഖ്യത്തിന് നേരിയ മുൻ‌തൂക്കം ലഭിക്കുമെന്നാണ് പറയുന്നത്. സർക്കാർ രൂപീകരണത്തിൽ അറബ് പാർട്ടികളുടെ നിലപാട് നിർണായകമാകും. ഇന്ത്യന്‍ സമയം ഉച്ചയോടെ വ്യക്തമായ ഫലസൂചന ലഭിക്കും.

2023 ഒക്ടോബർ ഏഴിന് രാജ്യത്തിന് നേരെയുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയവും ഹമാസ് ആക്രമണവും ഇസ്രയേലിന്റെ സൈനിക നടപടികളുമാണ്. ഇസ്രയേലിന്റെ ശത്രുക്കൾക്കെതിരെ രാജ്യം സ്വീകരിച്ച സൈനിക നടപടികളും സൈനിക വിജയങ്ങളും ഉയർത്തിക്കാട്ടിയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഭരണപക്ഷമായ ലികുദ് പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. എന്നാൽ, ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചയടക്കമാണ് പ്രതിപക്ഷ നേതാവായ ഐസൻകോട്ടും അദ്ദേഹത്തിന്റെ പാർട്ടിയായ യാഷാർ പാർട്ടിയും പ്രചാരണത്തിൽ മുഖ്യവിഷയമാക്കിയത്. 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദിയാക്കുകയും ചെയ്ത ഒക്ടോബർ 7 ആക്രമണത്തിൽ അന്വേഷണ കമ്മീഷൻ സ്ഥാപിക്കുമെന്നതാണ് ഐസൻകോട്ടിന്റെ പ്രധാന വാ​ഗ്ദാനം. ഇതിനൊപ്പം ​ഗാസയുടെ ഭാവി, തീവ്ര യഥാസ്ഥിതികരായ യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനം തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു.