
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. അന്വേഷണത്തിന്റെ നിർണായകഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഒക്ടബോര്‍ 11ന് പുലര്‍ച്ചെയുണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ വാഹനം ഓടിച്ചിരുന്ന 19 കാരനായ സുഹൈൽ സജീവിനെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്ന് പേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയത്.
നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യഹർജികൾ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. അന്വേഷണത്തോട് സഹകരിക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. സുഹൈലിന്റെ സുഹൃത്തുക്കൾക്കെതിരെ ചുമത്തിയ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. സുഹൈലിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിച്ചാൽ തെറ്റായ സന്ദേശമുണ്ടാകുമെന്നും പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
