Home » Blog » kerala Max » രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭിണിയായ മാധ്യമപ്രവർത്തക സുപ്രീം കോടതിയിൽ
14

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ തള്ളി താഴെയിട്ടെന്ന് ആരോപിച്ച് മൂന്ന് മാസം ഗർഭിണിയായ മാധ്യമപ്രവർത്തക റിച പരശർ സുപ്രീം കോടതിയെ സമീപിച്ചു. കോടതി വളപ്പിലെ രാഷ്ട്രീയ പ്രകടനങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് റിച ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് മുമ്പാകെ സീനിയർ അഭിഭാഷകൻ ഗൗരവ് ഭാട്ടിയ ഹർജി വാക്കാൽ പരാമർശിച്ചതിനെത്തുടർന്ന്, ഈ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ബെഞ്ച് ഉത്തരവിട്ടു.

ഒക്ടോബർ 12-ന് ഇന്ത്യ ബ്ലോക്കിന്റെ ഹർജി സമർപ്പിക്കാൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് റിച പരശർ ആരോപിക്കുന്നു. അന്ന് താൻ 11 ആഴ്ചയും 3 ദിവസവും ഗർഭിണിയായിരുന്നെന്നും ഹർജിയിൽ പറയുന്നു. ഗേറ്റിനടുത്തേക്ക് രാഹുൽ ഗാന്ധി തന്നെ പെട്ടെന്ന് തള്ളിയെന്നും, ഈ തള്ളലിൽ ബാലൻസ് തെറ്റി താഴെ വീണെന്നുമാണ് പരാതി. താഴെ വീണപ്പോൾ തന്റെ ഫോൺ തകരുകയും കോളറിൽ ഘടിപ്പിച്ച മൈക്രോഫോണിന്റെ റിസീവർ ഇളകിപ്പോകുകയും ചെയ്തുവെന്ന് റിച പറയുന്നു. അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സർ ഗംഗാറാം ആശുപത്രിയിലെ കാഷ്വാലിറ്റി വാർഡിൽ പ്രവേശിപ്പിച്ചെന്നും തുടർന്ന് കൂടുതൽ സ്കാനുകൾക്കും പരിശോധനകൾക്കും നിർദ്ദേശിച്ച് മരുന്ന് നൽകി ഡിസ്ചാർജ് ചെയ്തെന്നും ഹർജിയിൽ പറയുന്നു.

തനിക്ക് നേരെ നടന്ന ആക്രമണം ശാരീരികവും മാനസികവുമായ വലിയ ആഘാതമുണ്ടാക്കിയെന്നും, ഗർഭസ്ഥ ശിശുവിനെക്കുറിച്ചുള്ള ഭയം തന്നെ അലട്ടുന്നുവെന്നും ഹർജിക്കാരി വ്യക്തമാക്കി. ‘സർ, എന്നെ തള്ളുന്നു, സർ, ദയവായി തള്ളരുത്’ എന്ന് താൻ ആവർത്തിച്ച് അപേക്ഷിച്ചിട്ടും കോൺഗ്രസ് പ്രവർത്തകരുടെ രാഹുൽ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക്യത്തിൽ തന്റെ വാക്കുകൾ മുങ്ങിപ്പോയെന്നും അവർ കൂട്ടിച്ചേർത്തു. താഴെ വീണിട്ടും രാഹുൽ ഗാന്ധിയോ അദ്ദേഹത്തോടൊപ്പമുള്ള നേതാക്കളോ സുരക്ഷാ ഉദ്യോഗസ്ഥരോ തന്നെ സഹായിക്കാൻ നിന്നില്ലെന്നും പരാതിയിൽ പറയുന്നു.’സംഭവത്തിനുശേഷം കോൺഗ്രസും അതിന്റെ നേതാക്കളും തന്റെ വാദങ്ങളെ രാഷ്ട്രീയ പ്രചാരണം എന്ന് പറഞ്ഞ് തള്ളി കളഞ്ഞ് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും റിച ആരോപിച്ചു. താൻ പ്രതിഷേധിക്കുകയായിരുന്നില്ല, ജോലി ചെയ്യുകയായിരുന്നു എന്നും, ഈ സംഭവം തനിക്ക് സാമൂഹിക മാധ്യമങ്ങളിൽ ദുരുപയോഗം നേരിടാൻ കാരണമായെന്നും അവർ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിക്കും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്, ന്യൂഡൽഹിക്ക് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഈ ഹർജി സുപ്രീം കോടതി വളപ്പിലെ രാഷ്ട്രീയ പ്രകടനങ്ങൾക്കെതിരെ നാല് അഭിഭാഷകർ നൽകിയ ഒരു പെൻഡിംഗ് ഹർജിയിലാണ് സമർപ്പിച്ചിട്ടുള്ളത്. സംഭവം ശ്രദ്ധയിൽ കൊണ്ടുവന്ന് ഉചിതമായ നടപടി സ്വീകരിക്കുക, രാഹുൽ ഗാന്ധിക്കും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുക, സിസിടിവി ദൃശ്യങ്ങളും മറ്റ് രേഖകളും സൂക്ഷിക്കാൻ ഉത്തരവിടുക, നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കുക, നിരുപാധിക ക്ഷമാപണം ആവശ്യപ്പെടുക, തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ഡൽഹി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാരി മുന്നോട്ട് വെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *