
കോഴിക്കോട്: കുട്ടികളിലെ അപൂർവജനിതക അസ്ഥി–പേശി രോഗങ്ങൾക്കായി ബേബി മെമ്മോറിയൽ ആശുപത്രി (BMH) ആരംഭിക്കുന്ന പ്രിസം (PRISM – Paediatric Rare, Inherited, Skeletal & Muscular disorders) ക്ലിനിക്കിന്റെ ഉദ്ഘാടനം ഭിന്നശേഷി അവകാശ പ്രവർത്തകയും പ്രചോദന പ്രഭാഷകയുമായ ധന്യ രവി നിർവഹിച്ചു. ഒക്ടോബർ 22-ന് കോഴിക്കോട് ഹോട്ടൽ ടിയാരയിൽ നടന്ന ചടങ്ങിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളും കുടുംബങ്ങളും പങ്കെടുത്തു. ക്ലിനിക്കിന്റെ ഔദ്യോഗിക ലോഗോ മുഖ്യാതിഥിയും കുട്ടികളും ചേർന്ന് അനാവരണം ചെയ്തു.
അപൂർവ ജനിതക, അസ്ഥി, പേശി രോഗങ്ങളുള്ള കുട്ടികളുമായി മാതാപിതാക്കൾക്ക് പല ഡോക്ടർമാരെ കാണാൻ പല ആശുപത്രികളിൽ ദിവസങ്ങളോളം അലയേണ്ടി വരുന്നു. ഈ ഭാരം കുറച്ച്, ആവശ്യമായ എല്ലാ ചികിത്സയും ഒരു കുടക്കീഴിൽ ലഭ്യമാക്കാനാണ് പ്രിസം ക്ലിനിക്. ഇതിനു പിന്നിൽ ഏറെ നാളത്തെ പരിശ്രമവും സമർപ്പണവുമുണ്ടെന്ന് അധ്യക്ഷത വഹിച്ച BMH ചെയർമാൻ ഡോ. കെ. ജി. അലക്സാണ്ടർ പറഞ്ഞു.
എല്ലുകൾ എളുപ്പം ഒടിയുന്ന ‘ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്റ്റ’ എന്ന അപൂർവ ജനിതക രോഗത്തോടെ ജനിച്ച ധന്യ രവി, നൂറുകണക്കിന് ഒടിവുകളെ അതിജീവിച്ചാണ് എഴുത്തുകാരിയും പ്രഭാഷകയുമായത്. പാലക്കാട് വേരുകളുള്ള, ബെംഗളൂരുവിൽ താമസിക്കുന്ന ധന്യ ഭിന്നശേഷി ശാക്തീകരണത്തിനുള്ള ദേശീയ പുരസ്കാരം (റോൾ മോഡൽ വിഭാഗം) നേടിയിട്ടുണ്ട്. തന്റെ അതിജീവനത്തിന്റെ കഥ പങ്കുവച്ച ധന്യയുടെ വാക്കുകൾ സദസ്സ് ഹൃദയപൂർവം ഏറ്റുവാങ്ങി. അപൂർവ രോഗങ്ങളുമായി ജീവിക്കുന്ന കുട്ടികളുടെയും കുടുംബങ്ങളുടെയും ആശങ്കകളും പ്രതീക്ഷകളും നേരിട്ടറിയുന്ന അവരുടെ സാന്നിധ്യം ചടങ്ങിന് ചൈതന്യം പകർന്നു.
ജനിതകം, ന്യൂറോളജി, ശിശുരോഗം, ഓർത്തോപീഡിക്സ്, ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ഒരേ ദിവസം ഒരു കുടക്കീഴിൽ കുട്ടിയെ പരിശോധിക്കുന്ന സംവിധാനം രാജ്യത്ത് തന്നെ അപൂർവമാണെന്ന് ക്ലിനിക് ലീഡ് ഡോ. ഈശ്വർ ടി. രമണി പറഞ്ഞു. കുട്ടിയുടെ എല്ലാ ചികിത്സകളും ഒരൊറ്റ പദ്ധതിയായി ഏകോപിപ്പിച്ച് സ്നേഹത്തോടെ പരിചരിക്കുകയാണ് ലക്ഷ്യമെന്ന് തന്റെ അനുഭവങ്ങൾ പങ്കുവച്ച് അദ്ദേഹം വ്യക്തമാക്കി.
എളുപ്പം ഒടിയുന്ന എല്ലുകൾ (OI), അസ്ഥി വളർച്ചാ വൈകല്യങ്ങൾ, മസ്കുലാർ ഡിസ്ട്രോഫി, SMA, സെറിബ്രൽ പാൾസി, ജനിതക സിൻഡ്രോമുകൾ, സ്കോളിയോസിസ്, കൈകാലുകളുടെ വൈകല്യങ്ങൾ തുടങ്ങിയ അവസ്ഥകൾക്ക് സമഗ്ര ചികിത്സ ക്ലിനിക്കിൽ ലഭ്യമാകുമെന്ന് സ്വാഗതം ആശംസിച്ച ക്ലിനിക് കോർഡിനേറ്റർ ഡോ. ഉജ്വൽ ജോർജ് വിശദീകരിച്ചു. BMH ക്ലസ്റ്റർ ഹെഡും ജി.എം.–മാർക്കറ്റിംഗുമായ ഡോ. അജേഷ് നമ്പ്യാർ വി നന്ദി പറഞ്ഞു.
പ്രിസം ക്ലിനിക്കിന്റെ പ്രത്യേകതകൾ
എല്ലാ വിദഗ്ധ ഡോക്ടർമാരെയും ഒരേ ദിവസം, ഒരേ സ്ഥലത്ത് കാണാം
ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി നിർദ്ദേശങ്ങൾ അതേ ദിവസം
സ്പ്ലിന്റുകൾക്കും മറ്റും ഓർത്തോട്ടിക് സേവനം ലഭ്യമാകും
ഒരൊറ്റ മെഡിക്കൽ റെക്കോർഡ്, ഒരൊറ്റ ചികിത്സാ പദ്ധതി
പ്രിസം ടീം
ഡോ. ഈശ്വർ ടി. രമണി – ക്ലിനിക് ലീഡ്, സീനിയർ കൺസൾട്ടന്റ്, പീഡിയാട്രിക് ഓർത്തോപീഡിക്സ്
ഡോ. ഷാജി തോമസ് ജോൺ – സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ, BMH കോഴിക്കോട്
ഡോ. മുഹമ്മദ് ഷബീർ – കൺസൾട്ടന്റ്, മെഡിക്കൽ ജനറ്റിക്സ്
ഡോ. അഞ്ചു അന്ന ചെറിയാൻ – പീഡിയാട്രിക് ന്യൂറോളജിസ്റ്റ്
ഡോ. മുഹ്ലിസ വി, മേജർ (ഡോ.) പ്രഗീത് എൻ. പി. – ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ
ഡോ. ഉജ്വൽ ജോർജ് – ക്ലിനിക് കോർഡിനേറ്റർ, പീഡിയാട്രിക് ഓർത്തോപീഡിക്സ്
