
കൊച്ചി: കൊച്ചി സിനഗോഗ് തീവെപ്പ് കേസിൽ അറസ്റ്റിലായ കോലഞ്ചേരി സ്വദേശി എബിൻ പോളിനെതിരെ (32) യുഎപിഎ ചുമത്തിയിരുന്നു. അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. യുഎപിഎ 16, 18 വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഗൂഢാലോചന, ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാനും സ്പർധ വളർത്താനും ലക്ഷ്യമിട്ട് നടത്തുന്ന കുറ്റകൃത്യം തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്നത്. യുഎപിഎ ചുമത്തിയതോടെ കേസ് എൻ.ഐ.എ. ഏറ്റെടുക്കും. തുടക്കത്തിൽ തന്നെ എൻഐഎയും മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷണ സംഘവുമായി സഹകരിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.വരുംദിവസങ്ങളിൽ എൻഐഎ കേസ് ഔദ്യോഗികമായി ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
നിലവിൽ നാല് ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് എബിൻ പോളിനെതിരെ അന്വേഷണം നടക്കുന്നത്. സിനഗോഗിന് പുറമെ മൂവാറ്റുപുഴയിലെ രണ്ട് സംഭവങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തീവ്രവാദ ബന്ധം സംശയിച്ചാണ് നേരത്തേ എൻഐഎ ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്തത്. മൂവാറ്റുപുഴ മേക്കപ്പാടത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിട്ട സംഭവമാണ് അന്വേഷണത്തിൽ ആദ്യം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ജനുവരിയിൽ നടന്ന ഈ സംഭവത്തിന് പിന്നിൽ ‘ബോസ്’ എന്ന പേരിൽ അറിയപ്പെടുന്നയാളുടെ നിർദേശമുണ്ടായിരുന്നുവെന്ന് എബിൻ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് വിവരം. തീയിട്ട കെട്ടിടത്തിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തി.ആക്രമണങ്ങൾ ഏതെങ്കിലും തരത്തിലുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നോ എന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ട സംഭവത്തിൽ എബിൻ പോളിന് പണം കൈമാറിയതായാണ് പൊലീസ് പറയുന്നത്. ഏകദേശം 5,000 രൂപ ക്രിപ്റ്റോ കറൻസിയായി ലഭിച്ചെന്നാണ് അന്വേഷണത്തിലെ വിവരം. ടെലഗ്രാം അക്കൗണ്ട് വഴിയാണ് ഇടപാടുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ കൈമാറിയതെന്നും സിനഗോഗ് ആക്രമണത്തിനും പ്രതിക്ക് പണം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
