
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടത്തിൽ മരിച്ച പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ ആലുവ മണ്ഡലം നേതാവ് ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയത്.
ദുരന്തത്തിൽ മരണപ്പെട്ട ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ശശികല നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ശശികല ഫോണിൽ വിളിച്ച് സംസാരിച്ചതായി ഗോപികയുടെ കുടുംബവും വെളിപ്പെടുത്തി. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിൽ സംഭവിച്ച അപകടത്തെ വർഗീയവൽക്കരിക്കാനും മരണപ്പെട്ട പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് കുമാറും അമ്മ സജിതയും ബന്ധുക്കളും ആരോപിച്ചു. അപകടത്തിൽ മരിച്ച പെൺകുട്ടികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടുകൾക്കെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങൾക്കിടയിലും നിയമസഭയിലുമടക്കം ഉയർന്നുവരുന്നത്.
