Home » Blog » kerala Max » കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനം; സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോർട്ട്
Amit-Shah-680x450 (1)

കൊല്ലം: ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിൽ യാതൊരുവിധ സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോർട്ട്. ആഭ്യന്തരമന്ത്രിയുടെ വാഹനവ്യൂഹം തടസ്സപ്പെട്ടിട്ടില്ലെന്നും വി.വി.ഐ.പിക്ക് ഒരുക്കേണ്ട എല്ലാ സുരക്ഷയും കൃത്യമായി ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രമന്ത്രിയുടെ വാഹനം തടസ്സപ്പെടുകയോ പ്രതിഷേധക്കാർ വാഹനത്തിനടുത്തേക്ക് വരികയോ ചെയ്തിട്ടില്ല. പ്രവർത്തകർ കരിങ്കൊടി കാണിച്ചെങ്കിലും പൊലീസ് സമയോചിതമായി ഇടപെട്ട് അവരെ നീക്കം ചെയ്യുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

ബി.ജെ.പി നൽകിയ പരാതിയിൽ പ്രത്യേകം കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലവിൽത്തന്നെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിന്റെ ഭാഗമായാണ് അമിത് ഷായ്ക്ക് കരിങ്കൊടി കാണിച്ചതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളയിൽ പ്രതികരിച്ചു. വരും ദിവസങ്ങളിലും കരിങ്കൊടി പ്രതിഷേധം തുടരുമെന്നും, ആവശ്യമെങ്കിൽ നരേന്ദ്ര മോദിയെയും കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിനിടെ, തിരുവനന്തപുരത്ത് മന്ത്രി ഒ.ജെ. ജനീഷിന് നേരെ യുവമോർച്ചയുടെ ശക്തമായ പ്രതിഷേധമുണ്ടായി. ബാലരാമപുരത്തും ആറാലുംമൂട്ടിലും മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നെയ്യാറ്റിൻകരയിൽ ബി.ജെ.പി – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ സംഘർഷവുമുണ്ടായി. പ്രതിഷേധ സാധ്യത ശക്തമായ സാഹചര്യത്തിൽ മന്ത്രി ഒ.ജെ. ജനീഷിന് കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും പ്രതിഷേധങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *