
മലയാളി താരം സഞ്ജു സാംസൺ നിലവിൽ കടുത്ത സമ്മർദ്ദത്തിലും അരക്ഷിതാവസ്ഥയിലുമാണെന്ന് ഇന്ത്യൻ താരം ഹനുമ വിഹാരി. യുവതാരം വൈഭവ് സൂര്യവംശിയെപ്പോലെയുള്ള കഴിവറ്റ കളിക്കാർ അവസരത്തിനായി കാത്തിരിക്കുന്നത് സഞ്ജുവിൻ്റെ ബാറ്റിംഗിനെ ബാധിക്കുന്നുണ്ടെന്ന് ഹനുമ വിഹാരി തൻ്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.
“സഞ്ജു വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ഞാൻ അദ്ദേഹത്തിൻ്റെ വലിയൊരു ആരാധകനാണ്, അദ്ദേഹം നന്നായി കളിക്കുന്നത് കാണാനാണ് എനിക്കിഷ്ടം. എന്നാൽ സഞ്ജു ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. ടീമിൽ സ്ഥാനത്തിനായി കടുത്ത മത്സരം നേരിടേണ്ടി വരുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാറില്ലെന്ന് സഞ്ജു തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. ട്വന്റി-20 ലോകകപ്പിന് മുൻപുള്ള ന്യൂസീലൻഡ് പരമ്പരയിൽ ഇഷാൻ കിഷൻ ഫോമിലേക്ക് മടങ്ങിവന്നപ്പോൾ സഞ്ജു നിറംമങ്ങിപ്പോയത് ഓർക്കുന്നുണ്ടോ? ഇപ്പോൾ വൈഭവ് സൂര്യവംശി അവസരം കാത്ത് പുറത്തുള്ളതും സഞ്ജുവിൽ വീണ്ടും സമ്മർദ്ദമുണ്ടാക്കുന്നുണ്ട്,”- ഹനുമ വിഹാരി പറഞ്ഞു.
ഒരു കളിക്കാരൻ നേരിടുന്ന മാനസിക സമ്മർദ്ദം പുറത്തുനിൽക്കുന്ന ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാകണമെന്നില്ലെന്നും, ഇന്ത്യക്കായി കളിക്കുമ്പോൾ ഇത്തരം സമ്മർദ്ദങ്ങൾ മറികടക്കാൻ പഠിക്കണമെന്നും വിഹാരി കൂട്ടിച്ചേർത്തു. സഞ്ജുവിൻ്റെ സ്ഥാനത്ത് മറ്റാരെങ്കിലുമാണെങ്കിലും ഇതേ അവസ്ഥയിലൂടെയാകും കടന്നുപോകുകയെന്നും അദ്ദേഹം നിരീക്ഷിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ സഞ്ജു 11 റൺസെടുത്ത് പുറത്തായതിന് പിന്നാലെയാണ് വിഹാരിയുടെ പ്രതികരണം. ഏഷ്യൻ ഗെയിംസിലും (9, 7, 2) സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ചുറികൾ നേടിയതൊഴിച്ചാൽ, ട്വന്റി-20 ലോകകപ്പിന് ശേഷം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ മലയാളി താരത്തിന് സാധിച്ചിട്ടില്ല.
