
മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായി തിളങ്ങുന്നതിനാൽ 15-കാരൻ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലെ അവസരങ്ങൾ പരിമിതമാണെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീർ. കളിമിടുക്കും മികച്ച ഫോമും ഉണ്ടായിരുന്നിട്ടും അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിൽ വൈഭവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കാത്തതിന്റെ കാരണം താരത്തോട് നേരിട്ട് സംസാരിച്ച് വ്യക്തമാക്കിയതായി ഗംഭീർ പറഞ്ഞു.
സോഷ്യൽ മീഡിയയുടെ സമ്മർദ്ദമോ പുറത്തുനിന്നുള്ള പ്രതികരണങ്ങളോ അല്ല പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നതെന്ന് ഗംഭീർ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര-രണ്ട് വർഷമായി മികച്ച പ്രകടനം പുറത്തെടുക്കുന്ന സീനിയർ താരങ്ങളെ മൂന്നോ നാലോ മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരിൽ മാറ്റിനിർത്തുന്നത് നീതിയാകില്ല. ഏതാനും പരാജയങ്ങൾ കാരണം സഞ്ജുവിനെയും അഭിഷേകിനെയും ഒഴിവാക്കി ഒരു പുതിയ താരത്തെ കളിപ്പിക്കുന്നത് ശരിയായ തീരുമാനമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനപ്രിയ തീരുമാനങ്ങൾ എടുക്കുന്നതിനേക്കാൾ ടീമിന് ഗുണകരമാകുന്ന ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതിനാണ് പ്രാധാന്യമെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി. ഒരു ടീമും എപ്പോഴും ജയിച്ചുകൊണ്ടിരിക്കില്ലെന്നും, ചുരുങ്ങിയ മത്സരങ്ങളിലെ മോശം പ്രകടനം കൊണ്ട് ആരും മോശം കളിക്കാരാകുന്നില്ലെന്നും വ്യക്തമാക്കിയ ഗംഭീർ ടീമിലെ സ്ഥിരതയും കളിക്കാരുടെ സുരക്ഷിതത്വവുമാണ് ഏറ്റവും പ്രധാനമെന്നും കൂട്ടിച്ചേർത്തു.
