
യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കിടെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടുപോയ സംഭവത്തിൽ പ്രതികരണവുമായി പരിശീലകൻ യൊർഗെ ജെസ്യൂസ്. ടീമിൽ നിലനിൽക്കുന്നത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണെന്നും റൊണാൾഡോയ്ക്ക് എപ്പോൾ വേണമെങ്കിലും ദേശീയ ടീമിലേക്ക് തിരിച്ചുവരാമെന്നും ജെസ്യൂസ് വ്യക്തമാക്കി. നോർവേയ്ക്കെതിരായ മത്സര വിജയത്തിന് ശേഷമാണ് കോച്ച് ഇക്കാര്യം അറിയിച്ചത്.
ക്രിസ്റ്റ്യാനോയ്ക്ക് താൻ ആഗ്രഹിക്കുന്നതുപോലെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് ജെസ്യൂസ് പറഞ്ഞു. അടുത്ത മത്സരങ്ങളിൽ കളിക്കാൻ താരം ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ യാതൊരു തടസ്സവുമില്ലെന്നും, ഇരുവരും തമ്മിൽ വൈരാഗ്യമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ എളുപ്പമാണെന്നും, ക്രിസ്റ്റ്യാനോയുടെ സേവനം ഇപ്പോഴും ആവശ്യമുണ്ടെന്നും പരിശീലകൻ കൂട്ടിചേർത്തു.
അതേസമയം, പ്രശ്നപരിഹാരത്തിനായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ച ക്രിസ്റ്റ്യാനോയെയും പരിശീലകനെയും ഒരുമിച്ചിരുത്തി ചർച്ച നടത്താനാണ് അസോസിയേഷന്റെ നീക്കം. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും മൂന്ന് അന്താരാഷ്ട്ര കിരീടങ്ങൾ സമ്മാനിക്കുകയും ചെയ്ത ഇതിഹാസ താരം പരിശീലകനുമായുള്ള ഭിന്നത കാരണം കരിയർ അവസാനിപ്പിക്കരുത് എന്ന ഉറച്ച നിലപാടിലാണ് പോർച്ചുഗീസ് ഫുട്ബോൾ അധികൃതർ.
