
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫലിയെയും എസ്ഐടി പ്രതി ചേര്‍ത്തേക്കുമെന്ന് വിവരം. നിലവില്‍ എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി വിശദമായി പരിശോധിച്ചുവരികയാണ്. മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്റെ പേഴ്സണ്‍ സ്റ്റാഫ് അംഗം സത്യപാലിനെതിരെയും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്പോണ്സര്ക്ക് വേണ്ടിയുള്ള പല ആശയവിനിമയവും നടത്തിയിരിക്കുന്നത് സത്യപാലാണെന്നാണ് വിവരം. വി. അബ്ദുറഹിമാനെയും കേസിൽ പ്രതി ചേർത്തേക്കും. ഇതിനിടെയാണ് ഷറഫലിയുടെ പേരും വന്നിട്ടുള്ളത്.
ഷറഫലി സാക്ഷിയായി കരാറില്‍ ഒപ്പിട്ടത് ഗുരുതരമായ വീഴ്ചയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന് നാല് ദിവസം മുമ്പാണ് സ്പോണ്സര് കരാറില്‍ ഒപ്പുവെച്ചത്. ഇതില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയിലാണ് ഷറഫലി ഒപ്പിട്ടിരിക്കുന്നത്. സര്‍ക്കാര്‍ അനുമതിയില്ലാതെ സര്‍ക്കാരിന്റെ ഭാഗമായ ഒരാള്‍ എങ്ങനെയാണ് ഈ കരാറില്‍ ഒപ്പുവെച്ചതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ പുതിയ നീക്കം.
