
എടപ്പാൾ: കെഎസ്ആർടിസി സർവീസ് നടത്തുന്ന ബസുകൾ പിൻവലിച്ച് വാനുകളാക്കി മാറ്റാനുള്ള നീക്കത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലുവയിൽ മാത്രം ആറ് ബസുകൾ പൊളിച്ച് വാനുകളാക്കി മാറ്റാനാണ് തീരുമാനം. കെഎസ്ആർടിസി ചീഫ് ഓഫീസിലെ മെക്കാനിക്കൽ എൻജിനിയറുടെ നേതൃത്വത്തിൽ നടന്ന ഗൂഗിൾ മീറ്റിലെ നിർദേശപ്രകാരമാണ് വിവിധ ഡിപ്പോകളിൽ വാനുകളാക്കി മാറ്റാൻ കഴിയുന്ന ബസുകൾ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 23ന് നടന്ന ഗൂഗിൾ മീറ്റിന് പിന്നാലെ ഓരോ ഡിപ്പോയിലും വാനുകളാക്കി മാറ്റാൻ കഴിയുന്ന ബസുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവയിൽ ആറ് ബസുകൾ കണ്ടെത്തിയതായി മെക്കാനിക്കൽ എൻജിനിയർക്കയച്ച കത്തിൽ വർക്സ് മാനേജർ വ്യക്തമാക്കുന്നു. ബസുകൾ വാനുകളാക്കി മാറ്റുന്നതിനായി ആലുവ റീജണൽ വർക്ഷോപ്പിലേക്ക് അയയ്ക്കാൻ നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ വർക്ഷോപ്പിൽനിന്ന് വിവിധ ഡിപ്പോകളിലേക്ക് സ്പെയർപാർട്സ് എത്തിക്കാൻ ഉപയോഗിച്ചിരുന്ന 35 വാനുകളുടെ കാലാവധി ഇക്കഴിഞ്ഞ 30ന് അവസാനിച്ചിരുന്നു. പുതിയ വാനുകൾ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുവരെ സ്പെയർപാർട്സ് നീക്കം തടസ്സപ്പെട്ടാൽ ബസ് സർവീസുകളുടെയും വർക്ഷോപ്പുകളുടെയും പ്രവർത്തനത്തെ ബാധിക്കുമെന്നതിനാലാണ് താൽക്കാലികമായി സർവീസ് നടത്തുന്ന ബസുകളിൽനിന്ന് സീറ്റുകൾ അഴിച്ചുമാറ്റി വാനുകളാക്കി ഉപയോഗിക്കാനുള്ള നീക്കം ആരംഭിച്ചത്.
അതേസമയം, ബസുകൾ വാനുകളാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ തടസങ്ങളും ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച ആശങ്കകളും ഡ്രൈവർമാർക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരം ആശങ്കകൾക്കിടയിലും കോർപ്പറേഷൻ തീരുമാനവുമായി മുന്നോട്ടുപോകുകയാണ്.
