
പാലക്കാട്: കേരളത്തിലെ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിലെ കാര്യങ്ങൾ ഒന്നും അറിയുന്നില്ലെന്ന് മുന്നണി കൺവീനർ തന്നെ പറയുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെയും കോൺഗ്രസ് നേതൃത്വത്തെയും കടന്നാക്രമിച്ചാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.
അപൂർവം ആളുകൾ മാത്രമാണ് വി.ഡി. സതീശനെ അനുകൂലിക്കുന്നത്. കോൺഗ്രസിലും യുഡിഎഫിലും വലിയ വിഭജനമുണ്ടായിരിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. സതീശൻ സർക്കാരിന് ബിജെപിയുടെയും ആർഎസ്എസിന്റെയും പിന്തുണയുണ്ടെന്ന തരത്തിലുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ സമീപകാല വിമർശനങ്ങളും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മുന്നണിയിലെ നിർണായക തീരുമാനങ്ങൾ ഒന്നും അറിയുന്നില്ലെന്നും പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂർ പ്രകാശ് പരസ്യമായി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയാണ് യുഡിഎഫ് ചെയർമാനെന്നിരിക്കെ മുന്നണി യോഗങ്ങൾ ചേരുന്നതിൽ പോലും വീഴ്ചയുണ്ടെന്നായിരുന്നു അടൂരിന്റെ ആരോപണം.
