Home » Blog » kerala Max » സഹപൈലറ്റിന്റെ കുത്തേറ്റിട്ടും രക്ഷാപ്രവർത്തനം..! ഇന്ത്യൻ പൈലറ്റിനെ ‘യഥാർഥ നായകൻ’ എന്ന് വിളിച്ച് നെതന്യാഹു
EERAN-680x450

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തിനുള്ളിൽ അപ്രതീക്ഷിതമായി പൈലറ്റുമാർ തമ്മിൽ സംഘർഷമുണ്ടായതോടെ 174 യാത്രക്കാരുടെ ജീവൻ അപകടത്തിലായ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിമാനത്തിന്റെ ക്യാപ്റ്റനായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാറിനെ സഹപൈലറ്റ് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റിട്ടും കോക്പിറ്റ് വാതിൽ തുറക്കാൻ മച്ഛാർ നടത്തിയ ഇടപെടലാണ് യാത്രക്കാരെയും ജീവനക്കാരെയും അകത്തേക്ക് പ്രവേശിച്ച് അക്രമിയെ കീഴടക്കാൻ സഹായിച്ചത്. സംഭവത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

വിമാനം പറക്കുന്നതിനിടെ ഉയരം പെട്ടെന്ന് കുറഞ്ഞതോടെയാണ് യാത്രക്കാർക്കിടയിൽ പരിഭ്രാന്തിയുണ്ടായത്. സഹപൈലറ്റ് വിമാനം നിയന്ത്രണം ഏറ്റെടുത്ത് ഇടിച്ചിറക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്; ഫ്‌ലൈ ദുബായ് സംഭവത്തെ വിമാനത്തിനുള്ളിലെ ‘സംഘർഷം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ചേർന്ന് ആക്രമണം നടത്തിയ സഹപൈലറ്റിനെ കീഴടക്കി. വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന ഫ്‌ലൈ ദുബായിലെ മറ്റ് രണ്ട് പൈലറ്റുമാർ പിന്നീട് നിയന്ത്രണം ഏറ്റെടുത്താണ് വിമാനം തബൂക്കിൽ സുരക്ഷിതമായി ഇറക്കിയത്.

സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ ധൈര്യത്തെ പ്രത്യേകം പ്രശംസിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിരോധിക്കുകയും കോക്പിറ്റ് വാതിൽ തുറക്കുകയും ചെയ്തതിലൂടെ വലിയ വിമാന ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. മച്ഛാർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സംഭവത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും ഇടപെടലും നിർണായകമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മുംബൈ സ്വദേശിയായ സ്മിത് മച്ഛാറിന് ബോയിങ് 737 വിമാനങ്ങളിൽ 13 വർഷത്തിലേറെ പ്രവൃത്തിപരിചയവും ഏകദേശം 9,750 മണിക്കൂർ പറക്കൽ പരിചയവുമുണ്ട്. 2011 ജൂണിൽ സ്‌പൈസ്‌ജെറ്റിൽ ചേർന്ന അദ്ദേഹം അവിടെ സീനിയർ കമാൻഡറും ലൈൻ ട്രെയിനിങ് ക്യാപ്റ്റനുമായി പ്രവർത്തിച്ചു. 2022 ജൂണിലാണ് ഫ്‌ലൈ ദുബായിൽ ക്യാപ്റ്റനായി ചേർന്നത്. നിലവിൽ മച്ഛാർ തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ നില സ്ഥിരതയുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ കാരണവും ആക്രമണത്തിന്റെ ഉദ്ദേശ്യവും സംബന്ധിച്ച ഔദ്യോഗിക അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *