
കൊല്ലം സുധിയുടെ കുടുംബത്തിന് വാഹനാപകടക്കേസിൽ 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികൾ. കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ് ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി തുക നൽകണമെന്ന് ഉത്തരവിട്ടത്.
14,109,840 രൂപയാണ് ട്രൈബ്യൂണൽ ആദ്യം നഷ്ടപരിഹാരമായി വിധിച്ചത്. കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കോടതിയിൽ കെട്ടിവയ്ക്കുന്ന ദിവസം വരെ 8.5 ശതമാനം പലിശ കൂടി കണക്കാക്കിയാണ് ആകെ തുക 1.77 കോടിയായത്. കോട്ടയം എം.എ.സി.ടി ജഡ്ജി പ്രസൂൺ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചു.
മലയാളികൾക്ക് ഏറെ പരിചിതനായ കൊല്ലം സുധി 2023 ജൂൺ 5നാണ് തൃശ്ശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തെ തുടർന്നാണ് കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചത്.
മിമിക്രി വേദികളിലൂടെയാണ് കൊല്ലം സുധി ശ്രദ്ധേയനായത്. പിന്നീട് ടെലിവിഷനിലും സിനിമയിലും സജീവ സാന്നിധ്യമായി മാറി. 2015ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നിരവധി റിയാലിറ്റി ഷോകളിലും ടെലിവിഷൻ പരിപാടികളിലും പങ്കെടുത്ത സുധിയുടെ കുടുംബത്തിന് ഇപ്പോൾ കോടതി വിധിയിലൂടെയാണ് നഷ്ടപരിഹാരത്തിന് അർഹത ലഭിച്ചിരിക്കുന്നത്.
