
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ റിപ്പോർട്ടർ ടി.വി. എം.ഡി ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കളമശേരി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് പുതിയ നിർദേശം. നേരത്തെ നൽകിയ നോട്ടീസിലും ആന്റോ ഹാജരായിരുന്നില്ല. സ്ഥലത്തില്ലെന്നും ഒക്ടോബർ 15 വരെ സമയം അനുവദിക്കണമെന്നുമായിരുന്നു ആന്റോയുടെ ആവശ്യം. എന്നാൽ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്. വീണ്ടും ഹാജരാകാതിരുന്നാൽ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയിൽ ആന്റോ പറഞ്ഞിരുന്നു. കോടികൾ വിലമതിക്കുന്ന വാർത്തയെന്ന നിലയിലാണ് അവർ രേഖകളുമായി എത്തിയതെന്നും, എന്നാൽ രേഖകളുടെ ആധികാരികത ബോധ്യപ്പെടാത്തതിനാൽ വാർത്ത നൽകേണ്ടെന്ന് തീരുമാനിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ ഈ യുവാക്കൾ ആരാണെന്നും രേഖകൾ എവിടെനിന്നാണ് ലഭിച്ചതെന്നും ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് പോലീസിന് കണ്ടെത്താനുള്ളത്. കേസിലെ രണ്ടും മൂന്നും പ്രതികൾ അജ്ഞാതരാണെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കെ.പി.സി.സി മാധ്യമ വക്താവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും, ആന്റോയുടെ കൈവശമുള്ളതായി പറയുന്ന രേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടർ ടി.വി. ഓഫീസിൽ യുവാക്കൾ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഹാർഡ് ഡിസ്‌കും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചിട്ടും പോലീസിനെയോ സർക്കാരിനെയോ അറിയിക്കാതെ അവ കൈവശം വച്ച നടപടി അന്വേഷിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തേ അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലും ആന്റോ അഗസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിലും അദ്ദേഹം ഒന്നാം പ്രതിയായത്. നേരത്തെ നൽകിയ നോട്ടീസിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. വ്യാജരേഖയുടെ ഉറവിടം, അത് കൈമാറിയവരുടെ തിരിച്ചറിയൽ, രേഖകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയിൽ അന്വേഷണത്തിലൂടെ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
