
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിന് ശേഷം പതിവായി മാധ്യമങ്ങളെ കണ്ട് തീരുമാനങ്ങൾ വിശദീകരിക്കുന്ന രീതിയിൽ ഇന്ന് മാറ്റം. മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനം ഒഴിവാക്കി. വൈകിട്ട് നാലിനായിരുന്നു മന്ത്രിസഭാ യോഗം നിശ്ചയിച്ചിരുന്നത്. അതിന് ശേഷം വൈകിട്ട് അഞ്ചരയോടെ ഡിസിസി ഓഫിസ് സന്ദർശനവും തുടർന്ന് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ സമാപനച്ചടങ്ങിലും പങ്കെടുക്കുന്ന പരിപാടികളുമായിരുന്നു നിശ്ചയിച്ചിരുന്നത്. വാർത്താസമ്മേളനം സംബന്ധിച്ച പതിവ് അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫിസ് മാധ്യമങ്ങൾക്ക് നൽകിയിരുന്നില്ല.
മാധ്യമങ്ങളോടുള്ള പ്രതികരണങ്ങൾക്ക് പുതിയ ക്രമീകരണം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നും അടിയന്തര സാഹചര്യങ്ങളിൽ മുൻകൂട്ടി അറിയിച്ചായിരിക്കും പ്രതികരണമെന്നും ഓഫിസ് വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ യോഗം വൈകിട്ടത്തേക്ക് മാറ്റിയാൽ വാർത്താസമ്മേളനം ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന് മുമ്പും മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനം സംബന്ധിച്ച് അറിയിപ്പ് നൽകിയശേഷം തിരക്കുമൂലം അത് ഒഴിവാക്കിയ സാഹചര്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയും യാത്രയ്ക്ക് ചെലവ് വഹിച്ച വ്യക്തിയുടെ വിവരങ്ങളും സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിമാനയാത്രയ്ക്ക് ഒരു പരിചയക്കാരനാണ് വിമാനം ഏർപ്പെടുത്തിയതെന്നും സർക്കാർ ഖജനാവിൽനിന്ന് പണം ചെലവായിട്ടില്ലെന്നും സതീശൻ പറഞ്ഞെങ്കിലും സ്പോൺസറുടെ വിശദാംശങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
തുടർന്ന് ഇടുക്കിയിൽ പരിപാടിക്കെത്തിയപ്പോഴും വിമാനയാത്രാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. അന്ന് പ്രതികരിക്കാതെ മാധ്യമങ്ങളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ശ്രദ്ധ നേടിയിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനം ഇത്തവണ ഒഴിവാക്കിയതോടെ മുഖ്യമന്ത്രിയുടെ പുതിയ മാധ്യമ ഇടപെടൽ ക്രമീകരണം വീണ്ടും ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്. മന്ത്രിസഭാ തീരുമാനങ്ങൾ സംബന്ധിച്ച വിശദീകരണം ഔദ്യോഗികമായി പുറത്തുവരുന്ന രീതിയിലായിരിക്കും ഇനി ശ്രദ്ധ.
