
കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ തനിക്ക് അസാമാന്യ കഴിവാണെന്ന് ആളുകൾ പറയാറുണ്ടെന്നും, എന്നാൽ അതിന്റെ യഥാർത്ഥ കാരണം താൻ വിവാഹം കഴിച്ചത് ഒരു കുട്ടിയെ ആയതുകൊണ്ടാണെന്നും നടൻ ഫഹദ് ഫാസിൽ. തന്റെ പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ എന്ന സിനിമയുടെ പ്രമോഷനിടയിലാണ് ഫഹദിന്റെ ഈ തമാശ നിറഞ്ഞ പരാമർശം. ചിത്രത്തിലെ സഹതാരമായ ബാലതാരം സാറ പലേക്കറുമായുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിനായി സാറ നടത്തിയ തയ്യാറെടുപ്പുകളും ചെറിയ കുട്ടിയായിരുന്നിട്ടും സെറ്റിൽ കാണിച്ച ക്ഷമയും ഏറെ പ്രശംസനീയമാണെന്നും ഫഹദ് കൂട്ടിച്ചേർത്തു.
ഫഹദിന്റെ വാക്കുകൾ ഇങ്ങനെയാണ്, “ഞാൻ ഒരു ‘കുട്ടി’യെയാണ് വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ കുട്ടികളെ കൈകാര്യം ചെയ്യുന്നതിലുള്ള എന്റെ കഴിവും ക്ഷമയും ഗംഭീരമാണെന്നു പറയുന്നവരോട് വീട്ടിൽ ഒരു കുട്ടിയുണ്ട് എന്നു പറയും ഞാൻ. പക്ഷേ ഇപ്പോൾ എന്നെ കൈകാര്യം ചെയ്യുന്നൊരു കുട്ടിയെ ഞാൻ കണ്ടുമുട്ടി. ഒരുമിച്ച് അഭിനയിക്കുമ്പോൾ ഞാൻ ഡയലോഗ് തെറ്റിക്കുമ്പോഴെല്ലാം അവളെന്നെ തിരുത്തി. എന്റെ കുട്ടി കോ-സ്റ്റാർ എന്റെ ഡയലോഗുകളും മനഃപാഠമാക്കിയിരുന്നു. അത്രയും ക്ഷമയുള്ള കുഞ്ഞാണ് സാറ. ഇത്രയും കാലത്തിനിടയിൽ എന്റെ ഒപ്പം അഭിനയിച്ചവരിൽ സാറയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കോ-സ്റ്റാർ. സിനിമ സെറ്റിൽ ഞങ്ങൾ അത്രയും രസകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. ആ രസകരമായ നിമിഷങ്ങളുടെ പകുതി മാത്രമേ സ്ക്രീനിലെത്തിക്കാണുകയുള്ളൂ. വളരെ മനോഹരമായ ഒരു സിനിമയാണ് നിങ്ങളെ കാത്തിരിക്കുന്നത്.”
ഫഹദും സാറ പലേക്കറും സൗരഭ് സച്ച്ദേവയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി ഒക്ടോബർ രണ്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. 2014-ൽ ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന ചിത്രത്തിന് ശേഷമായിരുന്നു നസ്രിയയും ഫഹദും വിവാഹിതരായത്. അക്കാലത്ത് ഇരുവരുടെയും പ്രായവ്യത്യാസം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
