
കൊച്ചി : നിയമം ദുർബലമല്ലെന്നും എത്ര ഉന്നത പദവിയാണെങ്കിലും വിവേചനമില്ലാതെ നിയമം നടപ്പിലാക്കപ്പെടുമെന്നും ഹൈക്കോടതി. നാലു വർഷം തടവിനു ശിക്ഷിച്ച കോട്ടയം വിജിലൻസ് കോടതി ഉത്തരവിനെതിരെ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി നൽകിയ അപ്പീല് പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ടോമിൻ തച്ചങ്കരി സമർപ്പിച്ച അപ്പീലിൽ മറുപടി സമർപ്പിക്കാൻ സർക്കാരിന് കോടതി രണ്ടു ദിവസത്തെ സമയം അനുവദിച്ചു. കോട്ടയം വിജിലൻസ് കോടതി വിധിച്ച നാലു വർഷത്തെ തടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും എതിരെയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. അപ്പീൽ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഹർജിയിൽ വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. സാധാരണ കേസ് അല്ലാത്തതിനാൽ തടസവാദം ഉന്നയിക്കാൻ അവസരം വേണമെന്നും സംസ്ഥാന വിജിലൻസ് ആവശ്യപ്പെട്ടു. എന്നാൽ ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 389 പ്രകാരം 10 വർഷത്തിൽ താഴെ ശിക്ഷിക്കപ്പെടുന്ന കേസുകളിൽ പ്രോസിക്യൂഷന് രേഖാമൂലം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രത്യേക വ്യവസ്ഥയില്ലെന്ന് തച്ചങ്കരിയുടെ അഭിഭാഷകൻ വാദിച്ചു. ഇത്രയും പഴക്കം ഉള്ള കേസിൽ പ്രോസിക്യൂട്ടർ ഇത്തരം ആവശ്യവുമായി മുന്നോട്ടുവരുന്നത് ആദ്യമായിട്ടാണെന്നും സമയം നീട്ടി നൽകരുതെന്നും ഹർജിക്കാരൻ വാദിച്ചു.
തുടർന്ന്, നിയമത്തിൽ രേഖാമൂലമുള്ള തടസവാദം സമർപ്പിക്കുന്നതിനു വിലക്കില്ലെന്നും അസാധാരണ സാഹചര്യങ്ങളിൽ പ്രോസിക്യൂഷനു മറുപടി നൽകാൻ കോടതിക്കു വിവേചനാധികാരം ഉപയോഗിച്ചു സമയം അനുവദിക്കാമെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. ‘‘എല്ലാ ഡിജിപിമാർക്കും ചീഫ് സെക്രട്ടറിമാർക്കും എന്തിന് മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കും വരെയുള്ള സന്ദേശമാണിത്. നിയമവും നിയമപുസ്തകങ്ങളും അത്ര ദുർബലമല്ല; അതുകൊണ്ട് എത്ര ഉയർന്ന പദവിയിലുള്ളവരായാലും അവരുടെ പദവി നോക്കാതെ, യാതൊരു വിവേചനവുമില്ലാതെ നിയമം നടപ്പിലാക്കപ്പെടും’’ – എന്ന് കോടതി കേസിന്റെ വാദത്തിനിടെ ഓർമിപ്പിച്ചു. തുടർന്ന് വിജിലൻസിന്റെ മറുപടി സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി കേസ് മാറ്റിവച്ചു.
2003–2007 കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ വരുമാനത്തിൽ കൂടുതൽ സ്വത്ത് അഴിമതിയിലൂടെ സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ ശിക്ഷിച്ചത്.
