
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി നൽകിയ റിപ്പോർട്ട് പ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം. കേസിൽ ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കൂടാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ? എന്നതിൽ ഡിജിപി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം അനുവദിക്കുന്നുണ്ട്.
അതേസമയം, പിണറായിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പണം നൽകിയെന്ന ഇടപാടാണ് കേസിനാധാരം. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കും തുടർന്നുള്ള നടപടികൾക്കും പിന്നാലെ സിഎംആർഎൽ–എക്സാലോജിക് ഇടപാടുകൾ അന്വേഷണ പരിധിയിലെത്തി. അന്വേഷണ ഏജൻസികളുടെ ആരോപണ പ്രകാരം എക്സാലോജിക്കിന് സിഎംആർഎൽ ഏകദേശം 2.78 കോടി രൂപ നൽകിയെന്നും ഇതിന് ആനുപാതികമായ സേവനങ്ങൾ ലഭിച്ചിട്ടില്ലെന്നും പറയുന്നു.
പിന്നീട്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇഡി ഈ ഇടപാടുകൾ പരിശോധിച്ചത്. ഇഡി റിപ്പോർട്ട് പ്രകാരം, ഈ പണമിടപാടുകൾക്ക് പിന്നിൽ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് ഏജൻസിയുടെ ആരോപണം. കൂടാതെ പിണറായി വിജയന് 3.28 കോടി രൂപയുടെ അനധികൃത പ്രതിഫലം ലഭിച്ചതായും വീണ മുഖേനയാണ് പണം കൈമാറിയതെന്നും ഇഡി ആരോപിച്ചു. അതോടൊപ്പം മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് പണമിടപാടുകളും ഹവാല ഇടപാടുകളും നടന്നുവെന്ന ആരോപണവും ഇഡി റിപ്പോർട്ടിലുണ്ട്.
തുടർന്ന്, പിഎംഎൽഎയിലെ സെക്ഷൻ 66(2) പ്രകാരം അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തി ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നു. പിണറായി വിജയൻ, വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഡിജിപിക്ക് ലഭിച്ച റിപ്പോർട്ട് പിന്നീട് ആഭ്യന്തര വകുപ്പിലേക്ക് കൈമാറി. ഇതോടെ റിപ്പോർട്ടിൽ നിയമനടപടി സ്വീകരിക്കാമോ എന്നതിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ലഭിച്ച നിയമോപദേശത്തിൽ ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നും, റിപ്പോർട്ടിൽ കോഗ്നിസിബിൾ കുറ്റം വെളിപ്പെടുന്നുവെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും വ്യക്തമാക്കി.
