
പാലക്കാട്: കോർപ്പറേറ്റ് ലോകത്ത് നടക്കുന്ന ചൂഷണങ്ങളും അതിനിടയിൽ അരഞ്ഞുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതവും പ്രമേയമാക്കി വി. ഇ. പ്രസാദിന്റെ ‘ദി പെസ്റ്റ്’ എന്ന നോവൽ പ്രകാശനം ചെയ്തു.
രാമകൃഷ്ണനഗറിൽ നടന്ന ചടങ്ങിൽ ഡോ. ബാബു രാജേന്ദ്രൻ, ശ്രീ ചേറ്റൂർ മോഹന് പുസ്തകം നൽകി ‘ദി പെസ്റ്റ്’ പ്രകാശനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി ശശികുമാറും രാമകൃഷ്ണനഗറിലെ അംഗങ്ങളും പങ്കെടുത്തു.
ആഗോള കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും കൈയടക്കലുകൾക്കും ഇടയിൽ സാധാരണ ജീവനക്കാരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് നോവൽ പ്രധാനമായും അവതരിപ്പിക്കുന്നത്.
മനുഷ്യരെ വ്യക്തികളായി കാണാതെ നമ്പറുകളായും ഒരു വലിയ യന്ത്രത്തിന്റെ ഭാഗങ്ങളായും മാത്രം പരിഗണിക്കുന്ന തൊഴിൽസംസ്‌കാരത്തെയും കൃതി ചോദ്യം ചെയ്യുന്നു.
ഉറുമ്പുകളെയും ആനകളെയും പ്രതീകങ്ങളാക്കി മനുഷ്യരും അധികാരകേന്ദ്രങ്ങളും തമ്മിലുള്ള ബന്ധത്തെ അവതരിപ്പിക്കുന്ന നോവൽ, തൊഴിലാളികളുടെ ജീവിതത്തിലെ സമ്മർദ്ദങ്ങളും അരക്ഷിതാവസ്ഥകളും അവരുടെ അതിജീവനശ്രമങ്ങളും ശക്തമായ ജീവിതസാഹചര്യങ്ങളിലൂടെ അവതരിപ്പിക്കുന്നു.
ലോകത്തിന്റെ സമ്പത്ത് ഏതാനും പേരുടെ കൈകളിലേക്ക് കേന്ദ്രീകരിക്കുന്നതും മനുഷ്യശേഷിയുടെയും പ്രകൃതിവിഭവങ്ങളുടെയും ചൂഷണം വർധിക്കുന്നതും നോവലിന്റെ പ്രധാന പ്രമേയങ്ങളാണ്. ആഫ്രിക്കയിലായാലും ഇന്ത്യയിലായാലും ചൂഷണത്തിന്റെ സ്വഭാവത്തിലെ സമാനതകളിലേക്കും കൃതി ശ്രദ്ധ ക്ഷണിക്കുന്നു.
ആഗോളവത്കരണത്തിന്റെയും കോർപ്പറേറ്റ് ഏറ്റെടുക്കലുകളുടെയും പശ്ചാത്തലത്തിൽ സാധാരണ മനുഷ്യരുടെ ജീവിതത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സാമൂഹിക നിരീക്ഷണം കൂടിയാണ് ‘ദി പെസ്റ്റ്’. ചൂഷണത്തിനും അസമത്വത്തിനും വിധേയരാകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തോടുള്ള സാഹിത്യ പ്രതികരണമായാണ് വി. ഇ. പ്രസാദ് ഈ കൃതി അവതരിപ്പിക്കുന്നത്.
പുസ്തകം ലഭിക്കുന്നതിന്: 9496670255
പുസ്തകവില: ₹400
