
കൊച്ചി: ഡെങ്കിപ്പനി വാക്‌സിനായ ക്യുഡെംഗയുടെ ഇന്ത്യയിലെ സ്വകാര്യ വിപണിയിലെ പ്രചാരണത്തിനും വിതരണത്തിനുമായി ടകേഡ ഫാർമസ്യൂട്ടിക്കൽസും ഡോ. റെഡ്ഡീസ് ലബോറട്ടറീസും സഹകരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വാക്‌സിനേഷൻ വിഭാഗത്തിലാണ് സഹകരണം. ബന്ധപ്പെട്ട അധികൃതരുടെ നടപടികൾ പൂർത്തിയാക്കിയ ശേഷം 2027ന്റെ ആദ്യ പകുതിയിൽ ക്യുഡെംഗ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 4 മുതൽ 60 വയസുവരെയുള്ളവർക്കായി ക്യുഡെംഗയ്ക്ക് ഇന്ത്യയിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ജൂലൈയിൽ വിപണനാനുമതി നൽകിയിരുന്നു. ഇന്ത്യയിൽ അംഗീകാരം ലഭിച്ച ആദ്യ ഡെങ്കിപ്പനി വാക്‌സിനാണ് ക്യുഡെംഗ. രോഗബോധവൽക്കരണം, ആരോഗ്യപ്രവർത്തകരുമായുള്ള ഇടപെടൽ, വാക്‌സിൻ പ്രചാരണം, വിതരണം എന്നിവയിൽ ഇരു കമ്പനികളും സഹകരിക്കും. സ്വകാര്യ വിപണിയിൽ ക്യുഡെംഗയുടെ പ്രചാരണത്തിനും വിതരണത്തിനുമുള്ള എക്‌സ്‌ക്ലൂസീവ് പങ്കാളിയാണ് ഡോ. റെഡ്ഡീസ്.
