
തിരുവനന്തപുരം: കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ, പഠന വൈകല്യങ്ങൾ എന്നിവ നേരത്തെ തിരിച്ചറിഞ്ഞു പരിഹരിക്കാനും ആവശ്യമായ പിന്തുണ നൽകുന്നതിനുമായി അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമായി ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു. ‘റിസോർസിയോ’യുടെ സംരംഭമായ ‘റെസൊണേറ്റ് 360’യും നിംസ് ഹോസ്പിറ്റലിന്റെ ചൈൽഡ് ഡെവലപ്മെന്റ് റിസർച്ച് സെന്ററായ ‘നിംസ് സ്പെക്ട്ര’വും ചേർന്ന് സംഘടിപ്പിക്കുന്ന ‘റെസൊണേറ്റ് ക്രസ്റ്റ്-26’ (RESONATE CREST-’26) ദ്വിദിന ശില്പശാല 2026 സെപ്റ്റംബർ 24, 25 തീയതികളിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള നിംസ് സ്പെക്ട്രത്തിൽ വച്ച് നടക്കും. രാവിലെ 9.00 മണി മുതൽ വൈകുന്നേരം 4.00 മണി വരെയാണ് ശില്പശാലയുടെ സമയം.
കേരള ആരോഗ്യ സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ വിദ്യാഭ്യാസ-ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. എം.കെ.സി നായർ ശില്പശാലയിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്റ്റുഡന്റ് കൗൺസിലർമാർ, സ്കൂൾ പ്രിൻസിപ്പൽമാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പരിശീലന പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ, ബിഹേവിയറൽ പ്രശ്നങ്ങൾ, ഇൻക്ലൂസീവ് എഡ്യൂക്കേഷൻ, ലേണിംഗ് ഡിസോർഡറുകൾ, മറ്റ് വൈകല്യങ്ങൾ, എ.ഡി.എച്ച്.ഡി (ADHD) തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ശില്പശാലയിൽ വിശദമായ ക്ലാസുകൾ ഉണ്ടായിരിക്കും. കൂടാതെ കുട്ടികളിലെ പ്രശ്നങ്ങൾ വേഗത്തിൽ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള TSQ, NEST, R & MH, CBCT Jr., TDSC, LEST തുടങ്ങിയ അത്യാധുനിക ടൂളുകളെക്കുറിച്ചും ശില്പശാലയിൽ ധാരണ നൽകും. കുട്ടികളിലെ പെട്ടെന്നുണ്ടാകുന്ന പെരുമാറ്റ മാറ്റങ്ങൾ, പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലുമുള്ള താല്പര്യക്കുറവ്, ശ്രദ്ധക്കുറവ്, അസ്വസ്ഥതകൾ തുടങ്ങിയ മുന്നറിയിപ്പുകൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞു ആവശ്യമായ ഇടപെടലുകൾ നടത്താൻ അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
60 പേർക്കായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുള്ള ശില്പശാലയിൽ ഒരു സ്കൂളിൽ നിന്ന് പരമാവധി 3 പേർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസസൗകര്യവും ലഭ്യമാക്കും. ഒരു സ്കൂളിൽ നിന്ന് 2 പേരെ നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ പ്രിൻസിപ്പലിന് സൗജന്യമായി പങ്കെടുക്കാം. കൂടാതെ, റിസോർസിയോയുമായി സഹകരിക്കുന്ന സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കും പ്രതിനിധികൾക്കും ശില്പശാല സൗജന്യമായിരിക്കും. ശില്പശാലയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 21 വൈകുന്നേരം 5.00 മണിയാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 7994905888, 7994925888 എന്നീ നമ്പറുകളിലോ www.resorciocbseplus.com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
***
