Home » Blog » kerala Mex » പേയ്‌മെന്റുകൾക്ക് അപ്പുറം സാങ്കേതികവിദ്യയുടെ സാധ്യതകൾ: ഭാവിയിലെ സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ സ്മാർട്ടാകുമെന്ന് എൻപിസിഐ ചെയർമാൻ അജയ് കുമാർ ചൗധരി
16

കൊച്ചി: ഭാവിയിലെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ബുദ്ധിപരവും ഭാവിയിലെ ഭീഷണികളെ അതിജീവിക്കാൻ ശേഷിയുള്ളതുമായിരിക്കണമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നോൺ എക്സിക്യൂട്ടീവ് ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായ അജയ് കുമാർ ചൗധരി പറഞ്ഞു. ഏഴാമത് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആർക്കിടെക്ചർ ഓഫ് ട്രസ്റ്റ്: മൂവിംഗ് ബിയോണ്ട് പേയ്‌മെന്റ്സ് ഇൻടു ഇന്റലിജൻസ് ആൻഡ് പ്രോഗ്രാമബിലിറ്റി എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്. സാമ്പത്തിക രംഗം പുതിയൊരു മാറ്റത്തിന്റെ പാതയിലാണെന്നും ഡിജിറ്റൽ വിശ്വാസ്യത തന്നെ പുനർനിർവചിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഐയുടെ  പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ, 2026 ഓഗസ്റ്റിൽ മാത്രം 752 ബാങ്കുകളിലൂടെ 29.8 ലക്ഷം കോടി രൂപയുടെ 24.5 ബില്യൺ ഇടപാടുകൾ നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഊന്നൽ നൽകുന്ന ദേശീയ നേതൃത്വത്തെ പ്രശംസിച്ച അദ്ദേഹം, യുപിഐയെ ആഗോളതലത്തിൽ എത്തിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നിരന്തര ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മനുഷ്യന്റെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ സാധികുന്ന ഇൻസ്ട്രക്ഷൻസ് ടു ഇൻ്റൻ്റ്, പണമിടപാടിൽ നിന്ന് മൂല്യങ്ങളുടെ ഏകോപനം, നിലവിലെ സുരക്ഷയിൽ നിന്ന് ഭാവിയിലെ അതിജീവനത്തിലേക്ക് എത്തൽ എന്നിവ ഭാവി സാമ്പത്തിക മേഖലയെ നിർവചിക്കുന്ന മൂന്ന് പ്രധാന മാറ്റങ്ങളാകും.

ടോക്കണൈസേഷൻ പ്ലാറ്റ്‌ഫോമുകളെയും ഡിജിറ്റൽ അസറ്റ് ഇക്കോസിസ്റ്റങ്ങളെയും പിന്തുണയ്ക്കുന്നതിനായി എൻപിസിഐ വികസിപ്പിച്ചെടുത്ത ഡ്രൂണിക്സ് എന്ന ഓപ്പൺ സോഴ്സ് എൻ്റർപ്രൈസ് ബ്ലോക്ക്ചെയിൻ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

വിവിധ സാങ്കേതികവിദ്യകൾ ഒത്തുചേരുമ്പോൾ അവയുടെ അപകടസാധ്യതകളും പരസ്പരം ബന്ധപ്പെട്ടിരിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാങ്കേതികവിദ്യകൾക്കും ക്ലൗഡ് സേവനങ്ങൾക്കുമായി ഏതെങ്കിലും ഒരു ദാതാവിനെ മാത്രം അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും ഇക്കാര്യങ്ങളിൽ സ്ഥാപനങ്ങൾക്ക് വ്യക്തമായ നിയന്ത്രണവും തിരഞ്ഞെടുപ്പും ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *