Home » Blog » Kerala » “ഇ.ഡിയുടെ കണ്ടെത്തൽ ശരിയാണെങ്കിൽ കേസെടുക്കട്ടെ, റിയാസിനെതിരായ വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടും” ; ടി.പി. രാമകൃഷ്ണൻ
8

കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കണ്ടെത്തലിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. റിയാസിനെതിരായ വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇത് എൽഡിഎഫിനെ ബാധിക്കില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തന്റെ കൈകൾ ശുദ്ധമാണെന്ന് റിയാസ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ ഇ.ഡിയുടെ കണ്ടെത്തലാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാമല്ലോയെന്നും ടി.പി. രാമകൃഷ്ണൻ ചോദിച്ചു.

പിണറായി വിജയനെതിരെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിനെ തകർക്കുന്നതിനാണ് പിണറായി വിജയനെ വേട്ടയാടുന്നതെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എന്തിനാണ് പിണറായിയുടെ വീട് റെയ്ഡ് നടത്തിയത്? റിയാസിന്റെയും സുഹൃത്തുക്കളുടെയും വീടുകളിൽ എന്തിനാണ് പരിശോധന നടത്തിയത്? അന്വേഷണത്തിൽ എന്താണ് കണ്ടെത്തിയതെന്നും അദ്ദേഹം ചോദിച്ചു.

സിപിഎമ്മിനും പിണറായി വിജയനുമെതിരെ ഗൂഢാലോചന നടക്കുകയാണ്. വിഷയം രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമല്ലേയെന്നും ടി.പി. രാമകൃഷ്ണൻ ചോദിച്ചു. നേരത്തെ ഇ.ഡി. നടത്തിയ ഗൂഢനീക്കങ്ങൾ പൊളിഞ്ഞുപോയെന്നും അദ്ദേഹം ആരോപിച്ചു. വീണയുടെ ഡയറി കണ്ടെത്തിയെന്ന് പറഞ്ഞ് വീണ്ടും പുകമറ സൃഷ്ടിക്കുകയാണ്. വീണ വിജയൻ തെറ്റ് ചെയ്തതായി ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇ.ഡിയുടെ കണ്ടെത്തൽ ശരിയാണെങ്കിൽ കേസെടുക്കട്ടെയെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *