Home » Blog » kerala Max » ഡൽഹിയിലെ ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തി; വിദ്യാർത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ ശക്തമാക്കി സർക്കാർ
delhi-building

ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നാല് നില കെട്ടിടത്തില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികളെ മാറ്റിയത്. പരിശോധനയ്ക്ക് ശേഷം പിജിയുടെ മുന്നിലെയും പിന്നിലെയും ഗേറ്റുകള്‍ അടച്ചു.സത്യ നികേതനില്‍ പിജി കെട്ടിടം തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ച് ദിവസങ്ങള്‍ക്കകമാണ് ചിരാഗ് ഡല്‍ഹിയിലും സമാനമായ സംഭവം. സത്യ നികേതനിലെ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളും രണ്ട് തൊഴിലാളികളുമാണ് മരിച്ചത്. ചിരാഗ് ഡല്‍ഹിയിലെ കെട്ടിടത്തിനുള്ളില്‍ കേടുപാടുകളുടെ ലക്ഷണങ്ങള്‍ വ്യക്തമായിരുന്നു.

തറയില്‍ സിമന്റ് അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു. ചില ഭാഗങ്ങളില്‍ കെട്ടിടത്തിന്റെ ഘടനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായും വൈദ്യുത വയറുകള്‍ പുറത്തുകാണുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചുവരുകളിലും മേല്‍ക്കൂരയിലും വെള്ളം ചോര്‍ന്നതിന്റെ പാടുകളും ഈര്‍പ്പവും പ്രകടമാണ്. പ്രധാന കവാടത്തിന് സമീപം വലിയ വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇത് കെട്ടിടത്തിന്റെ മുകളിലേക്ക് നീളുന്നതായും ചുറ്റുമുള്ള പ്ലാസ്റ്റര്‍ അടര്‍ന്നുപോയതായും അധികൃതര്‍ പറഞ്ഞു.
സെപ്റ്റംബര്‍ ആറിന് സത്യ നികേതനിലെ പിജി കെട്ടിടം തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ചതിന് പിന്നാലെ തലസ്ഥാനത്തെ വിദ്യാര്‍ത്ഥി താമസസൗകര്യങ്ങളുടെയും കെട്ടിട സുരക്ഷയുടെയും കാര്യത്തില്‍ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്.

പേയിങ് ഗസ്റ്റ് താമസസൗകര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാനുള്ള നടപടികളിലാണ് ഡല്‍ഹി സര്‍ക്കാര്‍. നിര്‍ബന്ധിത ലൈസന്‍സ്, പൊലീസ്-തദ്ദേശ സ്ഥാപന അനുമതികള്‍, പ്രത്യേക രജിസ്‌ട്രേഷന്‍ നമ്പര്‍, സര്‍ക്കാര്‍ പോര്‍ട്ടലില്‍ പരിശോധിച്ച പിജികളുടെ പട്ടിക എന്നിവ ഉള്‍പ്പെടുന്നതാണ് നിര്‍ദേശിക്കുന്ന ചട്ടങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *