
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തൽ. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. വീഴ്ച ബോധപൂർവ്വമാണോയെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷണം തുടരുകയാണ്. വീഴ്ചയറിഞ്ഞിട്ടും പി.എസ്.സി തുടക്കത്തിൽ നടപടിയെടുക്കാതിരുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് ഡി.ജി.പി വഴി സർക്കാരിന് ശുപാർശ നൽകി. ഈ കത്ത് സർക്കാർ ഉടൻ പി.എസ്.സിക്ക് കൈമാറും.
പരീക്ഷയിൽ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയതാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് സാങ്കേതിക പിഴവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ സി.പി.ഐ.എം അനുകൂലിയെ ഒന്നാം റാങ്കിൽ എത്തിക്കാൻ വൻ ആസൂത്രിത ഗൂഢാലോചനയാണ് നടന്നതെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു. ഒന്നാം റാങ്ക് നേടിയ ഇടതുപക്ഷ അനുകൂലിയായ ഉദ്യോഗാർത്ഥി എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്.
ഈ ചോദ്യങ്ങൾ പരിശോധിക്കാതെ ഒഴിവാക്കിയതിലൂടെ, യഥാർത്ഥത്തിൽ ഈ ഉദ്യോഗാർത്ഥിയേക്കാൾ ഉയർന്ന റാങ്കിലെത്തേണ്ടിയിരുന്ന ഒട്ടേറെ ഉദ്യോഗാർത്ഥികളുടെ അമ്പതോളം മാർക്ക് നഷ്ടമായി. ഫലത്തിൽ, രണ്ടാം റാങ്കുകാരനെക്കാൾ 53 മാർക്ക് കുറവുള്ള ഇടതുപക്ഷ അനുകൂലി വെറും ഒരു മാർക്കിന്റെ വ്യത്യാസത്തിലാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിവരുന്നത്.
