Home » Blog » Kerala » “ഇഡിയുടെ നടപടി രാഷ്ട്രീയപ്രേരിതം, രാഷ്ട്രീയമായി തന്നെ നേരിടും” – പിണറായി വിജയൻ
21

ചങ്ങനാശേരി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത് രാഷ്ട്രീയ പ്രേരിത നീക്കങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്തരം നടപടികളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പിണറായി.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ ഇഡിയുടെ ഇടപെടലും പിണറായി വിമർശിച്ചു. ബാങ്കിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് എൽഡിഎഫ് സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് ഇഡി കേസിൽ ഇടപെട്ട് ഒരു രാഷ്ട്രീയ പാർട്ടിയെ തന്നെ പ്രതിയാക്കുകയായിരുന്നുവെന്നും പിണറായി ആരോപിച്ചു. അഴിമതിയിൽ ഉൾപ്പെട്ട ചിലരെ സ്വാധീനിച്ച് മാപ്പുസാക്ഷികളാക്കിയെന്നും ഇഡിക്ക് ആവശ്യമായ രീതിയിലുള്ള മൊഴികൾ അവരിൽ നിന്ന് രേഖപ്പെടുത്തിയെന്നും പിണറായി ആരോപിച്ചു. ഇത്തരം മൊഴികളെ പ്രധാന തെളിവുകളായി അവതരിപ്പിച്ചാണ് സിപിഐഎമ്മിനെ കേസിൽ പ്രതിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് തൃശൂർ ജില്ലാ സെക്രട്ടറിമാരായി പ്രവർത്തിച്ചിരുന്നവരെയും കേസിൽ പ്രതികളാക്കിയതായി പിണറായി ആരോപിച്ചു. കേരളത്തിലെ സഹകരണ മേഖലയെ മുഴുവൻ അഴിമതിയുടെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇഡിയുടെ നടപടികൾക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *