
ഗുജറാത്ത് : അഹമ്മദാബാദിൽ ദുരഭിമാനക്കൊല. സർഖേജിൽ 22 കാരിയായ സോഫിയ എന്ന യുവതിയെ പിതാവും സഹോദരനും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം റോഡപകടമാക്കി മാറ്റിയെന്ന വാർത്തയാണ് പുറത്തു വരുന്നത്. ആദ്യം ഇതൊരു സാധാരണ വാഹനാപകടമാണെന്നാണ് കരുതിയിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അതൊരു ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരൻ മുഹമ്മദ് ഹബീൽ (38), പിതാവ് മുഹമ്മദ് ഫാറൂഖ് നവാബ് ഖാൻ (56) എന്നിവരെ പൊലീസ് പ്രതിചേർത്തിട്ടുണ്ട്. കേസിന്റെ അന്വേഷണം സർഖേജ് പൊലീസ് സ്റ്റേഷന് കൈമാറിയിട്ടുണ്ട്.
കുറച്ചുമാസങ്ങൾക്ക് മുമ്പ് സോഫിയയും ഒരു ആൺ സുഹൃത്തും ഒന്നിച്ചുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ യുവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കുടുംബത്തിന് സംശയങ്ങളും കടുത്ത എതിർപ്പുകളും ഉണ്ടാവുകയും ചെയ്തു. ഈ സംഭവം സമൂഹത്തിൽ കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തുമെന്നും വീട്ടിലെ മറ്റ് പെൺമക്കളുടെ വിവാഹ ആലോചനകളെ ഇത് ബാധിക്കുമെന്നുമുള്ള ഭയമാണ് പിതാവിനെയും സഹോദരനെയും ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഈ വിഷയത്തിലുള്ള തർക്കങ്ങൾ തുടർന്നതിനെത്തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് 12 ന് രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സോഫിയയെ ബോപാലിലെ നികി ഹോസ്പിറ്റലിൽ നിന്ന് സഹോദരൻ ഹബീൽ ബൈക്കിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം ഹബീൽ പണിശാലയിൽ നിന്ന് ഒരു ചുറ്റിക കരുതിയിട്ടുണ്ടായിരുന്നു. തുടർന്ന് സിസിടിവി കാമറകളുടെ കണ്ണുവെട്ടിക്കാൻ ആളൊഴിഞ്ഞ ഫത്തേവാടി പ്രദേശത്തുള്ള പുതിയ റോഡിലൂടെ അവളെ കൊണ്ടുപോയി. അവിടെവെച്ച് ഹബീൽ സോഫിയയുടെ തലയിൽ ചുറ്റികകൊണ്ട് ക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം അദ്വൈത് ബംഗ്ലാവുകൾക്ക് സമീപമുള്ള റോഡരികിൽ കിടത്തുകയും ബൈക്ക് കേടുവരുത്തിയും സ്വന്തം കൈകളിൽ പരിക്കേൽപ്പിച്ചും ഇതൊരു വാഹനാപകടമാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചു.
എന്നാൽ, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങളും യാത്രാസമയവും വിശദമായി പരിശോധിച്ചപ്പോൾ പ്രതികൾ നൽകിയ മൊഴിയിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശികളായ ഈ കുടുംബം നിലവിൽ അഹമ്മദാബാദിലെ ഫത്തേവാടിയിലാണ് താമസിക്കുന്നത്.
