
തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീകളെ കുഴിച്ചു മൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്ലാം അങ്ങനെ പറയുന്നില്ലെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്കി എന്ന് പറയുന്നത് ശരിയല്ല. പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും നമ്മൾ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കി. അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുന്നുണ്ട്.
ഭക്ഷണം വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിൽ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം എന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്.
എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.
