
തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സിപിഎമ്മില്‍ നിന്നും അകന്നു നില്‍ക്കുകയാണ് സിപിഐ. പ്രതിപക്ഷ ഉപനേതൃപദവിയുടെ കാര്യത്തിലാണ് ഇപ്പോഴത്തെ ഇടച്ചില്‍. സിപിഎമ്മിന് ആണെങ്കില്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സിപിഐ മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ രോഷം ഇപ്പോഴും തീര്‍ന്നിട്ടില്ല. പാര്‍ട്ടിയുടെ കയ്യിലിരിക്കുന്ന പ്രതിപക്ഷ നേതൃപദവിയില്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അവകാശവാദം ഉന്നയിച്ചപ്പോള്‍ അതുവരെ ചെയ്തതിനൊക്കെ പകരം ചെയ്യാനുള്ള അവസരമായാണ് സിപിഎം കണ്ടത്.
ഉപനേതൃപദവിയില്‍ കത്ത് കൊടുക്കുക പ്രതിപക്ഷ നേതാവാണെന്നും സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയാല്‍ ആ നേതാവാകും പ്രതിപക്ഷ ഉപനേതാവെന്നും കത്തില്‍ നല്‍കുക സിപിഎം നേതാവിന്റെ പേരാകും എന്നൊക്കെ പിണറായി തുറന്നടിച്ചതും പഴയ പക കൊണ്ട് തന്നെ. പ്രതിപക്ഷ ഉപനേതൃപദവി പ്രശ്നത്തില്‍ മുന്നണി വിടാനൊന്നും സിപിഐ തയ്യാറാല്ലെങ്കിലും ഈ രീതിയില്‍ ചര്‍ച്ചകള്‍ വരുന്നത് നല്ല കാര്യമാണെന്ന നിലപാടിലാണ് സിപിഐയിലെ ഒരു വിഭാഗം നേതാക്കള്‍. അതുകൊണ്ട് തന്നെയാണ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെ.പി.എ.മജീദ് ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ലേഖനം എഴുതിയത് അവരെ സുഖിപ്പിച്ചത്. അതിനോട് യോജിക്കുന്ന നിലപാടുമായി ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം രംഗത്ത് വന്നതോടെ ഈ രീതിയിലുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയും ചെയ്തു.
ഇപ്പോള്‍ സിപിഐയുടെ വരവ് തള്ളിക്കളയാന്‍ മുഖ്യമന്ത്രി വി.ഡി.സതീശനും തയ്യാറാല്ല. സിപിഐ യുഡിഎഫിലേക്ക് വരില്ലെന്ന് മുഖ്യമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. എന്തായാലും സിപിഐയുടെ വാതില്‍ അടയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. ‘ലീഗ് അങ്ങനെ പറഞ്ഞിട്ടൊന്നുമില്ലെന്നും ഞങ്ങൾ ഒരു തീരുമാനം അക്കാര്യത്തിൽ എടുത്തിട്ടില്ലെന്നുമാണ് സതീശന്‍ പറഞ്ഞത്. കെ.മുരളീധരന്‍ പറഞ്ഞതുപോലെ 102 എംഎല്‍എമാര്‍ ഉള്ളതിനാല്‍ യുഡിഎഫിന്‍റെ അവസ്ഥ നിലവില്‍ ഭദ്രമാണ്. എന്നാലും സിപിഐ വരുന്നതിനു യുഡിഎഫ് എതിരല്ല എന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്.
സിപിഐ ഉയര്‍ത്തിയത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാത്രമാണ് മിക്ക നേതാക്കളും വീക്ഷിക്കുന്നത്. സിപിഐയുടെ കയ്യിലിരിക്കുന്ന പദവി സിപിഎം ആവശ്യപ്പെട്ടിട്ടില്ല. സിപിഎമ്മിന്റെ കയ്യിലുള്ള പ്രതിപക്ഷ ഉപനേതാവ് പദവിയാണ് സിപിഐ ആവശ്യപ്പെട്ടത്. പക്ഷെ സിപിഎമ്മില്‍ നിന്നും എതിര്‍പ്പുയര്‍ന്നു. സിപിഐക്ക് പിന്നോക്കം പോകാനും കഴിയാത്ത അവസ്ഥ. ഇതാണ് നിലവില്‍ ഉള്ളത്. അതുകൊണ്ട് തന്നെ ഒരു മുന്നണി മാറ്റത്തിനോന്നും നിലവില്‍ സാധ്യതയില്ല.
സിപിഐയെ കോണ്‍ഗ്രസും തള്ളുന്നില്ല. എല്‍ഡിഎഫില്‍ നടക്കുന്നത് കലാപം, പരസ്പരം ചെളിവാരി എറിയൽ; ഞങ്ങൾ പുറത്തുനിന്ന് അത് ആസ്വദിക്കുന്നു എന്ന നിലപാടു തന്നെയാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസും എടുക്കുന്നത്. എന്തായാലും കാത്തിരുന്നു കാണുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകളും അത് തന്നെ തെളിയിക്കുന്നു.
