
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിപ്പിച്ചിട്ടുണ്ട്. രസുവ, നുവാകോട്ട് ജില്ലകളിലാണ് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചത്. ഇതിനകം 123 പേരെ രക്ഷാപ്രവര്‍ത്തക സംഘം രക്ഷപെടുത്തിയതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയതില്‍ 21 ഇന്ത്യക്കാരുമുണ്ട്. അതിനിടെ മിന്നല്‍ പ്രളയത്തില്‍ ജീവന് നഷ്ടമായവരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 165 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 826 പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 529 പേർ വിനോദസഞ്ചാരികളാണ് എന്നാണ് വിവരം.
രാവിലെ 6.30 മുതല്‍ ഹെലികോപ്ടര്‍ വഴി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന് ഷാ അറിയിച്ചു.
ദുരിത ബാധിത പ്രദേശത്ത് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് പുരോഗമിക്കുന്നുണ്ടെന്ന് പ്രധാന മന്ത്രി അറിയിച്ചു. നേപ്പാള്‍ പ്രധാന മന്ത്രി ഇന്ന് ദുരിത ബാധിത മേഖല സന്ദര്‍ശിച്ചു.
ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള നൂറുകണക്കിന് ഹിന്ദു തീർഥാടകർ വർഷംതോറും സന്ദർശിക്കുന്ന ടിബറ്റിലെ കൈലാസ് മാനസസരോവർ തീർഥാടന പാതയിലാണ് ദുരന്തബാധിത പ്രദേശം. നിരവധി പേർ തീർത്ഥാടനത്തിനായി എത്തിച്ചേരാറുള്ള സമയത്താണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ല. അതിർത്തി പ്രദേശത്ത് നിരവധി ആളുകൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടാകാമെന്നുമുള്ള ആശങ്കയാണ് അധികൃതർ പങ്കുവെയ്ക്കുന്നത്.
നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ഇന്ത്യയിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ബിഹാറിലെ ആറ് ജില്ലകളിൽ നിന്ന് ഏകദേശം 5,000 പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ആകെ 10,000 മുതൽ 12,000 വരെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽപ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്.
