തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുൻനിർത്തി കേരളത്തിലേക്ക് 112 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിൽ നിന്ന് 54 ഓണം സ്പെഷ്യൽ സർവീസുകളും മറ്റ് സോണുകൾ 58 സർവീസുകളും നടത്തും. സ്പെഷ്യൽ ട്രെയിനുകൾ സെപ്റ്റംബർ ആദ്യവാരം വരെ സർവീസ് നടത്തും. കേരളത്തിലേക്ക് ചെന്നൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നാണ് സ്പെഷ്യൽ സർവീസ് നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ അനുവദിക്കുമെന്നും റെയിവേ മന്ത്രാലയം അറിയിച്ചു.
അതേമയം, കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെഎസ്ആർടിസി (കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ബസുകൾ സർവീസ് നടത്തുമെന്ന് കർണാടക ഗതാഗത മന്ത്രിയുടെ ഉത്തരവിൽ വ്യക്തമാക്കിയത്. ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക ബസുകൾ അനുവദിച്ചിരിക്കുന്നത്. കർണാടക ഗതാഗത മന്ത്രി ബി എസ് ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എം പി നൽകിയ നിർദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം.
ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളിൽ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാകുന്നത് മുൻനിർത്തിയായിരുന്നു എംപിയുടെ ഇടപെടൽ. ആദ്യം പ്രഖ്യാപിച്ചിരുന്നത് 60 ബസുകളായിരുന്നു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസർകോട് എന്നീ പ്രധാന ജില്ലകളിലേക്കാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോകുന്നവർക്കായി ഈ മാസം 21 മുതൽ 25 വരെയാണ് കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
