Home » Blog » kerala Max » കാറ്റിനും മഴയ്ക്കും സാധ്യത; കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം
1562109-keralarain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിക്കൊണ്ട് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. എന്നാൽ നാളെ മുതൽ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരിക്കില്ല. ഇതിനിടയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജീവഹാനിയും നാശനഷ്ടവും ഉണ്ടാക്കുന്ന ദുരന്തങ്ങളിലൊന്നാണ് ശക്തമായ കാറ്റ്. അതിനാൽ കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ അപകടകരമായ ചില്ലകൾ വെട്ടിയൊതുക്കണമെന്നും, അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ എന്നിവ കാറ്റും മഴയും ഇല്ലാത്ത സമയത്ത് ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യണം. ജനലുകളും വാതിലുകളും അടച്ചിടുക, ടെറസിൽ നിൽക്കുന്നത് ഒഴിവാക്കുക, കോണി പോലുള്ള വസ്തുക്കൾ കയറിൽ കെട്ടി വെക്കുക തുടങ്ങിയ മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്.

ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ ആയ അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ റിലീഫ് ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണം. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം. ഏതെങ്കിലും അപകടങ്ങൾ ശ്രദ്ധയിൽ പെട്ടാൽ KSEB-യുടെ 1912 എന്ന നമ്പറിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കുക. പത്രം-പാൽ വിതരണക്കാർ പോലുള്ള അതിരാവിലെ ജോലിക്കിറങ്ങുന്നവരും കൃഷിയിടങ്ങളിൽ പണമിറങ്ങുന്നവരും പ്രത്യേക ജാഗ്രത പുലർത്തണം. നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തിവെച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.