Home » Blog » kerala Max » ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിലനിർത്തണം: അടിയന്തര ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
vijay-1024x556

തമിഴ്‌നാടിന്റെ ലോക്‌സഭാ പ്രാതിനിധ്യം കുറയാതിരിക്കാൻ രാജ്യത്തെ ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിലനിർത്തണമെന്നും, ഇതിനായി അടിയന്തരമായി ഭരണഘടനാ ഭേദഗതി അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പാർലമെന്ററി, നിയമസഭാ മണ്ഡലങ്ങളുടെ നിർദ്ദിഷ്ട അതിർത്തി നിർണ്ണയം സംബന്ധിച്ച് ആ​ഗസ്റ്റ് 12 ന് തമിഴ്‌നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടിയാണ് ആ​ഗസ്റ്റ് 13ന് അദ്ദേഹം കേന്ദ്രത്തിന് കത്തയച്ചത്. ഓരോ സംസ്ഥാനങ്ങൾക്കും നിലവിലുള്ള സീറ്റുകളുടെ അനുപാതം മാറ്റമില്ലാതെ തുടരണമെന്നാണ് പ്രമേയത്തിലൂടെ തമിഴ്‌നാട് പ്രധാനമായും ആവശ്യപ്പെടുന്നത്.

വരാനിരിക്കുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ ആർട്ടിക്കിൾ 81(2)(എ) പ്രകാരം മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വൻതോതിൽ ലോക്‌സഭാ സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക തമിഴ്‌നാട് നിയമസഭയിൽ ഉയർന്നുവന്നു. ജനസംഖ്യാ നിയന്ത്രണം, സാമ്പത്തിക വികസനം, പൊതുജനക്ഷേമം എന്നിവയിൽ മാതൃകാപരമായ നേട്ടം കൈവരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്, പുതിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ സീറ്റുകൾ കുറയ്ക്കുന്നത് വലിയ അനീതിയാകും. 1967-ൽ സമാനമായ രീതിയിൽ തമിഴ്‌നാടിന്റെ ലോക്‌സഭാ സീറ്റുകൾ 41-ൽ നിന്ന് 39 ആയി കുറഞ്ഞ ചരിത്രപരമായ അനുഭവവും അദ്ദേഹം തന്റെ പ്രമേയത്തിൽ ഓർമ്മിപ്പിച്ചു.

നിലവിലെ സീറ്റ് വിഹിതവും സംസ്ഥാനങ്ങളുടെ പ്രാതിനിധ്യവും അതേപടി നിലനിർത്തുന്നതിന് ആവശ്യമായ ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരണമെന്ന് തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ പകർപ്പ് സഹിതം മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള മണ്ഡല പുനർനിർണ്ണയ നടപടികളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന ശക്തമായ നിലപാടാണ് തമിഴ്‌നാട് ഭരണകൂടം ഇതിലൂടെ മുന്നോട്ടുവെക്കുന്നത്.

ഇതോടൊപ്പം, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനുശേഷമുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉടൻ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ലോക്‌സഭാ അംഗസംഖ്യ 543 ആയി ക്ലിപ്തപ്പെടുത്തൽ, നിലവിലെ സീറ്റ് വിഹിതം നിലനിർത്തൽ, വനിതാ സംവരണം ഉടനടി നടപ്പിലാക്കൽ എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളാണ് കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധയ്ക്കായി തമിഴ്‌നാട് ഉന്നയിച്ചിരിക്കുന്നത്.