എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി. ഗണേഷ് കുമാർ പരസ്യമായി മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു. എൻ.എസ്.എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തുവെന്ന് യോഗം കുറ്റപ്പെടുത്തി. സ്വന്തം പ്രവർത്തനങ്ങളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും നേതൃയോഗം വ്യക്തമാക്കി.
വിറളിപൂണ്ടാണ് ഗണേഷ് കുമാർ ഇത്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം പിതാവിനോട് അദ്ദേഹം എങ്ങനെയാണ് പെരുമാറിയതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും യോഗം ഓർമ്മിപ്പിച്ചു. എൻ.എസ്.എസിനും അതിന്റെ നേതൃത്വത്തിനുമെതിരെയുള്ള നിന്ദകളും അപവാദ പ്രചാരണങ്ങളും ഇനിയും തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി പൊതുനിരത്തിലിറങ്ങി പ്രതിരോധിക്കുമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ കർശന മുന്നറിയിപ്പ് നൽകി.
