Home » Blog » kerala Max » സൽമാൻ ഖാന്റെ സഹോദരിയുടെ ആഡംബര റസ്റ്റോറന്റ്; മുംബൈയുടെ ഫൈൻ ഡൈനിങ് ലോകത്ത് തരംഗമായി ‘മെർസി’
images (85)

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ഫൈൻ ഡൈനിങ് രംഗത്തേക്ക് നടത്തിയ ചുവടുവെപ്പായ ‘മെർസി’ റസ്റ്റോറന്റ് നഗരത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ വലിയ ചർച്ചയാകുന്നു. യൂറോപ്യൻ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന വിസ്മയകരമായ ഇന്റീരിയറും അമ്പരപ്പിക്കുന്ന വിലയുള്ള അപൂർവ വിഭവങ്ങളുമായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ആഡംബര കേന്ദ്രം ബോളിവുഡ് താരങ്ങളുടെയും നഗരത്തിലെ പ്രമുഖരുടെയും ഇഷ്ടയിടമായി മാറിയിരിക്കുകയാണ്.

 

റസ്റ്റോറന്റിന്റെ ദൃശ്യഭംഗിക്കൊപ്പം ഇവിടത്തെ മെനുവിലുള്ള വിഭവങ്ങളുടെ സവിശേഷതകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഉപഭോക്താക്കളുടെ മുന്നിൽ വെച്ച് തത്സമയം തയാറാക്കുന്ന ‘ട്രഫിൾ പാസ്ത ഓൺ വീലിന്’ 8,500 രൂപയാണ് വില. സ്പാഗെട്ടിയും ട്രഫിൾ സോസും യഥാർഥ പാർമെസൻ ചീസ് വീലിൽ തയാറാക്കി വിളമ്പുന്ന ഈ വിഭവം കണ്ണിനും നാവിനും ഒരുപോലെ വിരുന്നേകുന്നു. എന്നാൽ ഇതിനെയും കടത്തിവെട്ടുന്ന വിലയുമായി എത്തുന്ന മറ്റൊരു ആഡംബര വിഭവമാണ് ‘സാൾട്ട് ക്രസ്റ്റഡ് റെഡ് സ്നാപ്പർ’. 10,000 രൂപയാണ് ഈ പ്രത്യേക വിഭവത്തിന്റെ വില.

 

പ്രശസ്ത ഷെഫ് ഡെനിസ് കോളിന്റെ നേതൃത്വത്തിലാണ് ‘മെർസി’യിലെ അടുക്കള പ്രവർത്തിക്കുന്നത്. ദുബായിലെ പ്രശസ്തമായ റസ്റ്റോറന്റുകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള ഡെനിസിനെ ബിസിനസ് പങ്കാളികളുടെ നിർദേശപ്രകാരമാണ് അർപിത ഖാൻ ടീമിലേക്ക് എത്തിച്ചത്.

 

ഉയർന്ന നിലവാരത്തിലുള്ള ഭക്ഷണത്തിന് പുറമെ, പാനീയങ്ങളുടെ മെനുവിലും ആഡംബരത്തിന്റെ അതിരുകൾ ലംഘിക്കപ്പെട്ടിട്ടുണ്ട്. ഫ്രാൻസിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന അപൂർവ ഷാംപെയ്ൻ ഇനങ്ങൾക്ക് 1,88,550 രൂപ വരെയാണ് വില. വൈറ്റ് വൈൻ ഇനങ്ങൾ 50,000 രൂപയോ അതിൽ കൂടുതലോ വിലയിൽ ലഭ്യമാകുമ്പോൾ, ഏറ്റവും വിലയേറിയ റെഡ് വൈൻ സ്വന്തമാക്കാൻ ഏകദേശം 1,40,000 രൂപ ചെലവഴിക്കേണ്ടി വരും. അതേസമയം, സാധാരണക്കാർക്ക് ആസ്വദിക്കാൻ തക്കവണ്ണം 900 രൂപ മുതൽ 1,200 രൂപ വരെയുള്ള വിലനിരക്കിൽ മികച്ച കോക്ടെയിലുകളും റസ്റ്റോറന്റ് ഓഫർ ചെയ്യുന്നുണ്ട്.