Home » Blog » Kerala » അതിർത്തിയിൽ വീണ്ടും സംഘർഷം; അരുണാചൽ-അസം അതിർത്തിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം
assam-680x450

ഗുവാഹത്തി: അസം – അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും സംഘർഷം. അതിർത്തിയിൽ പ്രതിഷേധിക്കുന്ന ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. കയ്യേറ്റത്തെച്ചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ അസം സ്വദേശികൾക്ക് നേരെ അരുണാചൽ പ്രദേശിൽ നിന്ന് വെടിവെപ്പ് നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്.

 

അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന അസമിലെ ധേമാജി ജില്ലയിലാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായത്. കഴിഞ്ഞ ദിവസത്തെ വെടിവെപ്പിൽ അസം സ്വദേശികൾക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ അരുണാചൽ പ്രദേശിന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്ന വേളയിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

 

അസമിലെ മിസിങ് സമുദായത്തിന്റെ വിദ്യാർത്ഥി സംഘടനയായ ടകാം മിസിങ് പോറിൻ കെബാങ്ങും (ടി.എം.പി.കെ.) മറ്റ് പ്രാദേശിക സംഘടനകളും ചേർന്ന് ബുധനാഴ്ചയാണ് അരുണാചൽ പ്രദേശിനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധത്തിനിടയിൽ, അസമിൽ പ്രതിഷേധിച്ചവർക്ക് നേരെ അരുണാചൽ പ്രദേശിൽ നിന്നെത്തിയ ചിലർ കല്ലെറിഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. കല്ലേറിൽ ചിലർക്ക് പരിക്കേറ്റതോടെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലാകുകയായിരുന്നു. ധേമാജി ജില്ലയിലെ സിലാപത്തറിലുള്ള ലികബാലി എൻട്രി പോയിന്റിലാണ് സംഭവം നടന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അരുണാചൽ പ്രദേശ് പൊലീസ് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിയുതിർത്തതായി അസം സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

 

കഴിഞ്ഞ തിങ്കളാഴ്ച അസമിലെ ഭൂമി അരുണാചലിൽ നിന്നുള്ളവർ കയ്യേറി എന്നാരോപിച്ചുണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. അരുണാചൽ പ്രദേശിൽ നിന്നുണ്ടായ വെടിവെപ്പിൽ അസം സ്വദേശികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിവിധ സംഘടനകൾ അരുണാചൽ പ്രദേശിലേക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. അടിയന്തര സേവനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും മാത്രമാണ് അതിർത്തിയിലെ എൻട്രി പോയിന്റുകളിൽ ഇളവ് നൽകിയിട്ടുള്ളത്. മറ്റ് വാഹനങ്ങളെല്ലാം പ്രതിഷേധക്കാർ തടയുന്നുണ്ട്. അതിർത്തി തർക്കത്തിന് അടിയന്തര പരിഹാരം കാണണമെന്നും വെടിവെപ്പിൽ ഉൾപ്പെട്ട കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം.