സ്വർണാഭരണ വിപണിയിലെ തട്ടിപ്പുകൾക്കും മോഷണങ്ങൾക്കും തടയിടാൻ കർശന നീക്കവുമായി കേന്ദ്രസർക്കാർ രംഗത്ത്. ഇനിമുതൽ സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ ഹാൾമാർക്കിനൊപ്പം ‘സോൾഡ്’ എന്ന് രേഖപ്പെടുത്തേണ്ട പുതിയ പദ്ധതി വരുന്നു. ആഭരണങ്ങളിൽ പതിക്കുന്ന ആറക്ക അക്ഷരസംഖ്യാ രൂപത്തിലുള്ള ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി.) നമ്പറിനുനേരെയായിരിക്കും ഈ വിവരങ്ങൾ ഉൾപ്പെടുത്തുക. ഒരുതവണ വിറ്റഴിച്ച ആഭരണത്തിന്റെ നമ്പർ വ്യാജമായി നിർമ്മിച്ച് മറ്റൊന്നിനായി ഉപയോഗിക്കുന്നത് തടയാനാണ് ഈ പുതിയ ഡിജിറ്റൽ സംവിധാനം വഴി ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതിപ്രകാരം ഉപഭോക്താക്കൾ സ്വർണം വാങ്ങുമ്പോൾ ജുവല്ലറികൾ തങ്ങളുടെ ഔദ്യോഗിക സിസ്റ്റത്തിൽ എച്ച്.യു.ഐ.ഡി. നമ്പറിന് താഴെ അത് ‘സോൾഡ്’ ആയി രേഖപ്പെടുത്തും. ഇതോടെ ഈ നമ്പർ ലോക്ക് ചെയ്യപ്പെടും. ഭാവിയിൽ പുനർവില്പനയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ ഈ നമ്പർ വീണ്ടും ഉപയോഗിക്കാൻ ശ്രമിച്ചാൽ സിസ്റ്റം വഴി വ്യാപാരികൾക്ക് തടസ്സങ്ങൾ തിരിച്ചറിയാൻ സാധിക്കും. മോഷ്ടിച്ച സ്വർണം വിൽക്കാൻ കൊണ്ടുപോകുന്നവരെ എളുപ്പത്തിൽ പിടികൂടാനും യഥാർഥ ഉടമയെ കണ്ടെത്താനും ഈ സംവിധാനം വഴിയൊരുക്കും. ബി.ഐ.എസ്. കെയർ ആപ്പ് വഴി ഉപഭോക്താക്കൾക്കും തങ്ങൾ വാങ്ങുന്ന സ്വർണത്തിന്റെ ആധികാരികതയും സുതാര്യതയും നേരിട്ട് പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.
രാജ്യത്തെ സ്വർണവ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഈ പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പ്രമുഖ നഗരങ്ങളിലെ വൻകിട റീട്ടെയിൽ വ്യാപാരികൾക്കാണ് ഇത് നിർബന്ധമാക്കുന്നത്. തുടർന്ന് രണ്ടാംഘട്ടത്തിൽ ഗ്രാമീണ മേഖലകളിലേക്കും അസംഘടിത മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. നിലവിൽ പ്രതിമാസം ഒരു കോടിയിലധികം ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്ന രാജ്യത്ത്, സ്വർണവ്യാപാരത്തിലെ സുതാര്യത ഉറപ്പാക്കാൻ ഈ സുപ്രധാന മാറ്റം സഹായകരമാകും.
