ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കണമെന്നും അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന് കൊടിക്കുന്നിൽ സുരേഷ് എംപി നേരിട്ട് നിവേദനം നൽകി. ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന മലയാളികൾക്ക് വിമാന ടിക്കറ്റ് നിരക്കിലെ കുതിച്ചുചാട്ടവും സീറ്റുകളുടെ ലഭ്യതക്കുറവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ യാത്രാദുരിതം വളരെ ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ഓണക്കാലത്ത് പ്രത്യേക സർവീസുകളും അധിക ഫ്രീക്വൻസികളും അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ആവശ്യകതയേറിയ റൂട്ടുകളിൽ ആവശ്യമായ സ്ലോട്ടുകൾ ഉറപ്പാക്കണമെന്ന് കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചതായും, വിഷയം അടിയന്തരമായി ലോക്സഭയിൽ ഉന്നയിക്കാനായി ശൂന്യവേളയിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.
ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള സർവീസുകളും വർധിപ്പിക്കേണ്ടതുണ്ട്. ഓണക്കാലത്തെ തിരക്ക് മുതലെടുത്ത് നടത്തുന്ന അന്യായമായ നിരക്ക് വർദ്ധനവ് തടയാൻ ഡിജിസിഎ നിരക്കുകളും സീറ്റ് ലഭ്യതയും കർശനമായി നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന പ്രവാസികളെയും സാധാരണക്കാരെയും കൊള്ളയടിക്കുന്ന വിമാനക്കൂലി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
