Home » Blog » kerala Max » ​കെഎസ്ആർടിസിയിലെ തട്ടിപ്പുകൾക്കെതിരെ ഗതാഗത മന്ത്രി; ജീവനക്കാർക്ക് നൽകിയത് ശക്തമായ മുന്നറിയിപ്പ്
13

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ യാത്ര ചെയ്ത പുരുഷന്മാർക്കും സീറോ ടിക്കറ്റ് നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഗൗരവമായ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. തെറ്റുകൾ തിരുത്താൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണെന്നും, സ്ഥാപനത്തിന് ദോഷം വരുത്തുന്ന ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രിയദർശിനി ബസിൽ യാത്ര ചെയ്ത അഞ്ച് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി പണം വെട്ടിച്ച കണ്ടക്ടറെ ഇൻസ്പെക്ടറുടെ പരിശോധനയിൽ പിടികൂടിയിരുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

 

സർക്കാർ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ഈ സമയത്ത് ജീവനക്കാരുടെ ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പ്രിയദർശിനി ബസുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളിൽ ക്യൂ സമ്പ്രദായം നടപ്പിലാക്കാൻ കെ.എസ്.ആർ.ടി.സി. എം.ഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതിൽ യാത്രക്കാരുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

ഇതിനിടെ കർക്കടകവാവ് ദിനത്തിൽ തിരുവല്ല പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്പെഷ്യൽ സർവീസുകളിൽ പ്രിയദർശിനി സൗജന്യയാത്ര ബോർഡ് മറച്ചുവെച്ച് സർവീസ് നടത്തിയെന്ന പരാതിയോടും മന്ത്രി പ്രതികരിച്ചു. അന്ന് പ്രത്യേക സർവീസുകളായാണ് ബസുകൾ ക്രമീകരിച്ചിരുന്നതെന്നും, കർക്കടകവാവ് ദിവസം കെ.എസ്.ആർ.ടി.സി. വളരെ മികച്ച രീതിയിലാണ് സർവീസുകൾ നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.