തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. തെളിവുണ്ടായിരുന്നെങ്കിൽ അന്നത്തെ സർക്കാർ കേസ് സി.ബി.ഐക്ക് വിട്ടുകൊടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കേസിൽ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലാത്തതിനാൽ തുടർനടപടികൾ ഉണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി. എം.വി. ഗോവിന്ദൻ മാത്രമാണ് ഇപ്പോഴും ഈ വിഷയം ഉയർത്തിക്കാട്ടുന്നതെന്നും പിണറായി വിജയൻ പോലും ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എം.വി. ഗോവിന്ദന് സംശയങ്ങൾ വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജനാധിപത്യ പൊലീസിംഗ് ശക്തിപ്പെടുത്തുകയും പൊതുജനങ്ങൾക്ക് കൂടുതൽ സൗഹൃദപരമായ പൊലീസ് സേവനം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സ്വന്തം സ്ഥാപനമെന്ന ബോധം ഉണ്ടാകുന്ന രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. സ്റ്റേഷനുകളിൽ എത്തുന്നവരുടെ അന്തസും അഭിമാനവും സംരക്ഷിച്ചുകൊണ്ടുള്ള സേവനം ഉറപ്പാക്കുമെന്നും കസ്റ്റഡി മർദനവും കസ്റ്റഡി മരണവും പൂർണമായി ഇല്ലാതാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ സംവിധാനപ്രകാരം, ഇതുവരെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല വഹിച്ചിരുന്ന സി.ഐമാർക്ക് ഒന്നോ രണ്ടോ സ്റ്റേഷനുകളുടെ മേൽനോട്ട ചുമതല നൽകും. സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) ഇനി സബ് ഇൻസ്പെക്ടർമാരെയാണ് നിയമിക്കുക. മുല്ലപ്പെരിയാർ പോലുള്ള അതീവ പ്രാധാന്യമുള്ള മേഖലകളിലെ സ്റ്റേഷനുകളുടെ ചുമതല ഡിവൈഎസ്പിമാർക്ക് നൽകും. സംസ്ഥാനത്തെ 63 പൊലീസ് സ്റ്റേഷനുകളിൽ വനിതാ സബ് ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാകുമെന്നും മന്ത്രി അറിയിച്ചു. പുതിയ ചുമതല ഏറ്റെടുക്കുന്ന എസ്.ഐമാർക്കും മേൽനോട്ട ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകും. സാങ്കേതികവിദ്യയുടെ ഉപയോഗം, പൊതുജനങ്ങളോടുള്ള സമീപനം, പരാതികൾക്ക് സമയബന്ധിത പരിഹാരം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പരിശീലനം. ഓരോ പൊലീസ് സ്റ്റേഷനിലും ലഭിക്കുന്ന പരാതികളുടെ പരിഹാര പുരോഗതി മാസാന്ത്യം വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ജനമൈത്രി പൊലീസ് പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പദ്ധതി യാന്ത്രികമായി ചുരുങ്ങിപ്പോയെന്നും അതിനെ വീണ്ടും സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഏകീകൃത രൂപകൽപ്പന, നവീകരണം, പഴയ വാഹനങ്ങൾ മാറ്റിസ്ഥാപിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാകും. ഒക്ടോബർ 2 മുതൽ ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഹൈടെക് സംവിധാനത്തിലേക്ക് മാറ്റുമെന്നും ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഏകോപന ചുമതല ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എ.പി. വിജയന് നൽകുമെന്നും മന്ത്രി അറിയിച്ചു. ഏത് രാഷ്ട്രീയ പാർട്ടി അധികാരത്തിലിരുന്നാലും കേരളത്തിലെ 90 ശതമാനത്തിലധികം പൊലീസ് ഉദ്യോഗസ്ഥരും നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്ന രീതിയിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
