ന്യൂഡൽഹി: നടി തൃഷയ്ക്കെതിരെ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ ‘സ്ത്രീവിരുദ്ധ’ പരാമർശങ്ങളെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. സ്വയം ഒരു നേതാവെന്ന് വിളിക്കാൻ ഈ അദ്ദേഹം ലജ്ജിക്കണമെന്ന് പറഞ്ഞ ഖുശ്ബു, താനും പലതവണ ലൈംഗികാധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും സ്ത്രീവിരുദ്ധതയും ലിംഗവിവേചനവും ഡിഎംകെയുടെ ‘പാരമ്പര്യത്തിന്റെ’ ഭാഗമാണെന്നും പരിഹസിച്ചു.
ഉദയനിധി പോലീസ് കസ്റ്റഡിയിൽനിന്ന് മോചിതനായ ശേഷം എൻഡിടിവിയോട് സംസാരിക്കവെയാണ് ഖുശ്ബു അദ്ദേഹത്തിനെതിരെയും ഡിഎംകെയ്ക്ക് എതിരെയും രൂക്ഷമായി പ്രതികരിച്ചത്. ‘എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. ഇത്തരം സ്ത്രീവിരുദ്ധവും ലിംഗവിവേചനപരവുമായ പരാമർശങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. മുമ്പ് ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതുതന്നെയാണ് അവർ തുടരുന്ന പാരമ്പര്യം.’ ഖുശ്ബു കുറ്റപ്പെടുത്തി.
ഖുശ്ബുവിന്റെ വാക്കുകൾ:
“ഉദയനിധി സ്റ്റാലിനിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, കാരണം അദ്ദേഹം ചെറുപ്പമാണ്, പ്രതിപക്ഷ നേതാവാണ്. അദ്ദേഹം മുൻ ഉപമുഖ്യമന്ത്രിയും യുവജനക്ഷേമ മന്ത്രിയുമായിരുന്നു, അതുകൊണ്ടുതന്നെ ഈ മനുഷ്യൻ വ്യത്യസ്തനായിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ ഉദയനിധി ഇത്തരത്തിലുള്ള വളരെ അശ്ലീലവും ക്രൂരവും തരംതാഴ്ന്നതുമായ പ്രസ്താവനകളുമായി വരുന്നത് വളരെ അത്ഭുതകരമാണ്. അതിൽ അദ്ദേഹത്തിന് തെല്ലും പശ്ചാത്താപം പോലുമില്ല.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇനിയും എത്ര കാലം പുരുഷന്മാർ സ്ത്രീകളെ അധിക്ഷേപിക്കുമെന്നും ആരാണ് നിങ്ങൾക്ക് അതിനുള്ള അവകാശം നൽകിയത്. ഒരു പൊതുവേദിയിൽ ഒരു സ്ത്രീയെ അധിക്ഷേപിക്കാൻ നിങ്ങൾക്ക് ആരാണ് ജന്മാവകാശം നൽകിയത്? ഇത് ഉദയനിധി സ്റ്റാലിൻ മാത്രം ചെയ്യുന്നതല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുണ്ട്. എത്ര കാലം നിങ്ങൾ ഒരു സ്ത്രീയെ അധിക്ഷേപിക്കും?. ഒരു സ്ത്രീയെക്കുറിച്ച് ഇത്ര ബഹുമാനമില്ലാത്ത രീതിയിൽ സംസാരിക്കാനും, ‘ഞാൻ ശക്തനാണ്, ഞാൻ ഒരു നേതാവാണ്’ എന്ന് സ്വയം പറയാനും ഒരു പുരുഷൻ എത്രമാത്രം ദുർബലനായിരിക്കണം? നിങ്ങളെ ഒരു നേതാവെന്ന് വിളിക്കുന്നതിൽ ലജ്ജ തോന്നുന്നു.”
മുമ്പ്, ഡിഎംകെ നേതാവ് സാദിഖ് തന്നെയും മറ്റ് സ്ത്രീകളെയും ‘ഐറ്റംസ്’ എന്ന് വിളിക്കുകയും അതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും, മാസങ്ങൾക്ക് ശേഷം അയാളെ പാർട്ടിയിൽ തിരിച്ചെടുത്തതും ഓർമ്മിപ്പിച്ചുകൊണ്ട്, സ്റ്റാലിനും അതേ അച്ചിൽ വാർത്ത വ്യക്തിയാണ്.
“നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ, ഞാൻ ഒരു നേതാവാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ, ഒരു സ്ത്രീയെ അധിക്ഷേപിക്കാതെ നിൽക്കൂ. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമോ എന്ന് നോക്കാം -അവർ വെല്ലുവിളിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ കുടുംബാംഗങ്ങൾ പോലും അവർക്ക് വോട്ട് ചെയ്തില്ല. അതുകൊണ്ടുതന്നെ, ഇവിടെ കൈയടിക്കുന്നത് പൊതുജനങ്ങളല്ല. ഇവിടെ വിസിൽ അടിക്കുന്നത് പൊതുജനങ്ങളല്ല. ഇത് നിങ്ങളുടെ സ്വന്തം അനുയായികൾ ആണ്, അവരാണ് ഒരു സ്ത്രീ അധിക്ഷേപിക്കപ്പെടുന്നത് കണ്ട് ആഹ്ലാദിക്കുകയും കൈയടിക്കുകയും വിസിൽ അടിക്കുകയും ചെയ്യുന്നത്. അത് അവരുടെ സ്ത്രീവിരുദ്ധവും മലിനവുമായ മാനസികാവസ്ഥയെയാണ് വ്യക്തമാക്കുന്നത്.’
അതേസമയം ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് അധികാര ദുർവിനിയോഗമാണോ എന്ന ചോദ്യത്തിന്, സ്ത്രീകൾ ‘കളിക്കാനുള്ള കരുക്കളോ കളിപ്പാട്ടങ്ങളോ അല്ല’ എന്ന സന്ദേശം നൽകുന്നതിനാൽ ഒരു സ്ത്രീയെന്ന നിലയിൽ താൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ‘ഡിഎംകെ ഒരു മിഥ്യാധാരണയുടെ കുമിളയിലാണ് ജീവിച്ചിരുന്നത്. ആർക്കും തങ്ങളെ തൊടാൻ കഴിയില്ലെന്ന് അവർ കരുതിയ ഈ കുമിള ഈ തിരഞ്ഞെടുപ്പിലൂടെ തകർന്നുവീണു.’ ഖുശ്ബു പരിഹസിച്ചു.
