കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയ ആള്‍ക്കെതിരെ കോഴിക്കോട് സൈബര്‍ പൊലീസ് കേസെടുത്തു. ബേപ്പൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവൻ കെ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘നിതിന്‍ കക്കാടത്ത്’ എന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ കമന്റ് ബോക്സിലാണ് അപകീര്‍ത്തി പരാമർശം പ്രചരിപ്പിച്ചത്.
അതിനിടെ, പവര്‍ക്കട്ടിനെതിരെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച പി.ഡി.പി പ്രവര്‍ത്തകന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായിരിക്കുകയാണ്. ആലപ്പുഴയിലെ പി.ഡി.പി പ്രവര്ത്തകന് അഹമ്മദ് കബീറിന്റെ ഫോണാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയിലായിരുന്നു ഈ നടപടി.
പൊലീസിന്റെ നടപടി വിവാദമായതിനെത്തുടര്‍ന്ന് ഫോണ്‍ തിരികെ നല്‍കിയെങ്കിലും, ഡിവൈഎസ്പിക്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. എന്നാല്‍ മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, പവര്‍ക്കട്ടിനെ തുടര്‍ന്ന് കുട്ടികള്‍ ഉറങ്ങാതെ കരഞ്ഞപ്പോള്‍ ഒരു പിതാവ് എന്ന നിലയിലാണ് വീഡിയോ ചെയ്തതെന്നുമാണ് അഹമ്മദ് കബീറിന്റെ വിശദീകരണം.
‘പൂക്കിയെന്ന് മാത്രമെ പറഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രിയെയാണ് പൂക്കിയെന്ന് പറയുകയെന്ന് എനിക്ക് അറിവില്ല. ഇതൊരു ന്യൂജെന്‍ പ്രയോഗം മാത്രമാണ്. രാത്രി രണ്ടരയ്ക്ക് കറന്റ് പോയപ്പോള്‍ കുട്ടികള്‍ ഉറങ്ങാതിരുന്നത് കണ്ടിട്ടാണ് എന്റെ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന ഒന്നും തന്നെ ചെയ്തിട്ടില്ല’, അഹമ്മദ് കബീര്‍ വ്യക്തമാക്കി.
