Home » Blog » Kerala » കെ.എം. ബഷീറിന്റെ മരണം; വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ബഷീറിന്റെ ഭാര്യ
16

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. വിചാരണക്കോടതി മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ താൽപര്യപ്രകാരമാണെന്നും ഇതോടെ വിചാരണ നീതിപൂർവം നടക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

നേരത്തെ കേസ് പരിഗണിച്ചിരുന്ന സെഷൻസ് കോടതി ഒന്നിലേക്ക് കേസ് തിരിച്ചുമാറ്റണമെന്നും ജസീല ആവശ്യപ്പെട്ടു. നിലവിലെ പ്രോസിക്യൂട്ടർക്ക് ആവശ്യമായ പരിചയസമ്പത്ത് ഇല്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഹൈക്കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രോസിക്യൂട്ടറെയും മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ബഷീർ കേസിൽ വിചാരണ അട്ടിമറിക്കാനുള്ള നീക്കങ്ങൾ വീണ്ടും നടക്കുന്നുവെന്ന ആരോപണവുമായി കുടുംബം നേരത്തെയും രംഗത്തെത്തിയിരുന്നു. മുൻകൂർ അറിയിപ്പില്ലാതെ പ്രോസിക്യൂട്ടർ കേസിൽ നിന്ന് പിന്മാറിയതോടെയാണ് കുടുംബം ആശങ്ക പ്രകടിപ്പിച്ചത്.

2019 ഓഗസ്റ്റ് 3-നാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ വാഹനാപകടത്തിൽ മരിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം പുലർച്ചെ ഒരു മണിയോടെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്. വഫ ഫിറോസിന്റെ പേരിലുള്ള വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് വഫയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പൊലീസും ആദ്യം വാഹനം ഓടിച്ചത് വഫയാണെന്ന നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചതെന്ന വിവരം പുറത്തുവന്നിരുന്നു.